ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

വർഷം മുഴുവൻ അന്തരീക്ഷ മലിനീകരണം ഒരു പ്രശ്നമായി തുടരുന്ന രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെ സുപ്രീം കോടതി. നിർദിഷ്ട മാസങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ബാധകമാക്കുന്നത് എന്തിനാണെന്നാണ് കോടതിയുടെ ചോദ്യം. പടക്കങ്ങൾക്ക് രാജ്യവ്യാപകമായി സ്ഥിരമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് സുപ്രീം കോടതി ചോദിച്ചു.

“ഒരു മതവും മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. ഈ രീതിയിൽ പടക്കം പൊട്ടിച്ചാൽ അത് പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെയും ബാധിക്കും”- ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. നിലവിലുള്ള നിരോധനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഡൽഹി സർക്കാരിനെയും പോലീസിനെയും രണ്ടംഗ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.

Also Read: ഇന്ദിരാഗാന്ധി പദവി നിഷേധിച്ച ജസ്റ്റിസ് എച്ച്ആർ ഖന്നയുടെ അനന്തിരവൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുമ്പോൾ… സഞ്ജീവ് ഖന്നയുടെ പശ്ചാത്തലം അറിയാം

ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് പടക്കം നിർമ്മാണത്തിനും വിൽപ്പനയ്ക്കും പൊട്ടിക്കുന്നതിനും ഒക്‌ടോബറിനും ജനുവരിക്കും ഇടയിൽ മാത്രം നിയന്ത്രണങ്ങൾ ബാധകമാക്കിയതെന്നാണ് കോടതിയുടെ പ്രധാന ചോദ്യം. വായു മലിനീകരണ തോത് അനുദിനം വർധിക്കുമ്പോൾ വർഷം മുഴുവനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താതാണ് കോടതിയെ ചൊടിപ്പിച്ചത്.

Also Read: ആധാർ എന്തിനുള്ള രേഖയാണ്? ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി

ഡൽഹിയിലെ ഉത്സവ സീസണുകളും വായു മലിനീകരണം രൂക്ഷമാക്കുന്ന മാസങ്ങളും പരിഗണിച്ചാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിശദീകരിച്ചു. എന്നാൽ സ്ഥിരമായ വിലക്ക് പരിഗണിക്കണമെന്ന് നിർദേശത്തിൽ ബെഞ്ച് ഉറച്ചുനിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്, കല്യാണം തുടങ്ങിയ പരിപാടികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബർ 14-ന് ഡൽഹി സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവും കോടതി പരിശോധിച്ചു.

Also Read: ‘സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല…’; ജസ്റ്റിസ് വിആർ കൃഷ്ണരുടെ വിധി അസാധുവാക്കി സുപ്രീം കോടതി

തിരഞ്ഞെടുപ്പുകൾക്കും വിവാഹങ്ങൾക്കും മറ്റും പടക്കം പൊട്ടിക്കാമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ടോ? ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ എന്താണെന്നും കോടതി ചോദിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ ശുപാർശ പ്രകാരമാണ് തീരുമാനമെന്നായിരുന്നു ഐശ്വര്യ ഭാട്ടിയുടെ മറുപടി. സമ്പൂർണ നിരോധനം നിലനിൽക്കേ ഇനിമുതൽ പടക്കനിർമ്മാണത്തിന് ലൈസൻസ് നൽകരുതെന്നും കോടതി നിർദേശിച്ചു. നിരോധന ഉത്തരവിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെ ഉടൻ അറിയിക്കാനും പടക്കങ്ങളുടെ വിൽപ്പനയും നിർമ്മാണവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും സുപ്രീം കോടതി ഡൽഹി പോലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി.

Also Read: ലൈംഗിക പീഡനക്കേസുകളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി; അതിജീവിതയും പ്രതിയും തമ്മിലുള്ള ഒത്തുതീര്‍പ്പിന് സാധുതയില്ല

ഈ മാസം 25 ന് മുമ്പ് നഗരത്തിൽ സമ്പൂർണ പടക്ക നിരോധനം നടപ്പാക്കാണമെന് കോടതി ഡൽഹിസർക്കാരിനോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട കാലയളവിലേക്ക് പരിമിതപ്പെടുത്തുന്നതിന് പകരം ഒരു വർഷം നീണ്ടുനിൽക്കുന്ന നിരോധനത്തിൻ്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.”ആരെങ്കിലും പടക്കം പൊട്ടിക്കുന്നത് മൗലികാവകാശമാണെന്ന് അവകാശപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ കോടതിയിൽ വരട്ടെ. ദീപാവലിക്ക് മാത്രമല്ല, ഒരു വർഷം നീണ്ടുനിൽക്കുന്ന പടക്ക നിരോധനം നടപ്പാക്കണം” കോടതി നിർദേശിച്ചു.

Also Read: ‘ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി…’; ഹൈക്കോടതി റദ്ദാക്കിയ യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു

നിരോധനാജ്ഞ നിലനിൽക്കെ ദീപാവലി ദിനത്തിൽ ആളുകൾ വൻതോതിൽ പടക്കം പൊട്ടിച്ചതോടെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമെന്ന കുപ്രസിദ്ധി ഡൽഹി സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും രാജ്യ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽ തന്നെ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top