ഇപ്പോള്‍ രാജി വേണ്ട; മുകേഷിനെ കേട്ടിട്ടാവാം അടുത്ത നടപടിയെന്ന് സിപിഎം
ലൈംഗിക പീഡനക്കേസിൽ പ്രതിയായ കൊല്ലം എംഎൽഎയും നടനുമായ എം.മുകേഷ് തൽക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം. സംസ്ഥാന സമിതി യോഗത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിൽ പദവി ഒഴിയേണ്ട സാഹചര്യമില്ലെന്നും എംഎൽഎയുടെ വിശദീകരണം കേട്ട ശേഷം അന്തിമ തീരുമാനം മതിയെന്നുമാണ് ഇന്ന് ചേര്‍ന്ന യോഗത്തിൽ ധാരണയായത്.
നടിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. ഈ ഡിജിറ്റൽ തെളിവുകൾ ഇന്നലെ നടൻ എറണാകുളത്ത് എത്തി അഭിഭാഷകന് കൈമാറി.
യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ മുകേഷിൻ്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി ദിവസം തടഞ്ഞിരുന്നു. നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയിൽ വിശദമായ വാദവും സെപ്റ്റംബർ മൂന്നിന് നടക്കും.
മുകേഷ് ഉൾപ്പടെ എഴു പേർക്കെതിരെ ആരോപണമുന്നയിച്ച നടി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. സംഭവിച്ച എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് അവർ അറിയിച്ചു. കോടതി മുകേഷിൻ്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞത് തിരിച്ചടിയല്ലെന്നും അവർ പ്രതികരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here