കയ്യൊഴിഞ്ഞ്‌ സുധാകരന്‍; ദേശാഭിമാനിയെ പഴിചാരി യൂത്ത് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് കെപിസിസി. യുവജന സംഘടനകളുടെ നടപടികളിൽ ഉത്തരവാദിത്വമില്ലെന്നാണ് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണം. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസിന് നൽകിയ മറുപടിലാണ് യുവജന സംഘടനയെ തള്ളി മാതൃ സംഘടന രംഗത്തെത്തിയത്.

” ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പോഷക സംഘടനയാണ്. എന്നാൽ അതിന് സ്വന്തമായി ഭരണഘടനയും സംഘടനാ സംവിധാനവുമുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതുകൊണ്ട് യൂത്ത് കോൺഗ്രസിനെതിരായ ഏതെങ്കിലും ആരോപണത്തിന് വിശദീകരണം നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് നിയമപരമായി ബാധ്യതയില്ല. ആ സംഘടനയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും വിശദീകരണം ആ സംഘടനയിൽ നിന്ന് നേരിട്ട് ആവശ്യപെടാം” – എന്നായിരുന്നു കെപിസിസി പ്രസിഡന്റ് നൽകിയ വിശദീകരണം.

അതേസമയം, പരാതിയിൽ യാതൊരു വസ്തുതയുമില്ലെന്നാണ് യൂത്ത് കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വിശദീകരണം നൽകിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഇത്തരമൊരു വാർത്ത നൽകിയതെന്നും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷ ഷാഫി പറമ്പിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ആദ്യം ദേശാഭിമാനി പത്രമാണ് വാർത്ത നൽകിയത്. ലേഖകന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വാർ‌ത്ത തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ വസ്തുതാപരമല്ലാത്ത വാർത്തകൾ സിപിഎം മുഖപത്രം കൊടുക്കാറുണ്ടെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന് പോലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പൊതുതിരഞ്ഞെടുപ്പിൻ്റെ ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നാണ് ഡിജിപി നൽകിയ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു. ഇത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെവരെ ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം കമ്മീഷന്‍ എടുക്കുന്ന നിലപാട് നിർണായകമാണ്. കേസിൻ്റെ അന്വേഷണം സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനമനുസരിച്ചായിരിക്കും എന്നാണ് സൂചനകൾ.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ കാർഡ് തയ്യാറാക്കിയത് രാജ്യദ്രോഹമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനൽകിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുകയും യുവജന സംഘടനയായ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതിനൽകുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top