കഞ്ചാവുമായി പിടിയിലായ സിനിമക്കാരുടെ സാമ്പിൾ പരിശോധന വേണ്ടെന്നുവച്ചു!! വൻ അട്ടിമറി; ഒത്തുകളിയെന്നും സംശയം

തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാകാതെ സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ. ലഹരിക്കേസുകളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ശരീരസ്രവങ്ങളുടെ സാമ്പിൾ പരിശോധന. ഇതിലൂടെയേ ലഹരിയുപയോഗം കണ്ടെത്താനാകൂ. ഇത് ചെയ്യാത്തതിനാൽ കോടതികളിൽ പരാജയപ്പെട്ടു പോയ ഒട്ടേറെ കേസുകളുടെ അനുഭവം മുന്നിലുണ്ടായിട്ടും ഇന്നത്തെ കേസിൽ സാമ്പിൾ പരിശോധന ഒഴിവാക്കിയത് വൻ വീഴ്ചയാണ്.
ഇന്ന് പുലർച്ചെ കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സിനിമാ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരുടെ ശരീരസ്രവങ്ങൾ ശേഖരിച്ചിട്ടില്ലെന്ന് എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ ടി.എം.മജു മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ചു. അതിൻ്റെ ആവശ്യമില്ലെന്ന് പ്രതികളെ പിടികൂടിയ ‘ഡിറ്റക്ടിങ് ഓഫീസർ’ അറിയിച്ചു എന്നതാണ് മേൽനോട്ട ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹത്തിൻ്റെ വിചിത്ര ന്യായീകരണം.
കഞ്ചാവ് കൈവശം വച്ചതിനാണ് (Possession) മൂന്നുപേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതിന് തെളിവായി 1.6 ഗ്രാം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ലഹരി ഉപയോഗം (Consumption) നോക്കേണ്ട കാര്യമില്ല. രണ്ടും ഒരേ ശിക്ഷ ലഭിക്കാവുന്ന ചെറിയ കുറ്റങ്ങളാണ്. പ്രതികൾക്കെതിരെ കിട്ടാവുന്ന എല്ലാ തെളിവുകളും ശേഖരിക്കുകയല്ലേ വേണ്ടതെന്ന ചോദ്യത്തിന്, സാമ്പിൾ ശേഖരിക്കേണ്ട എന്നത് ഡിറ്റക്ടിങ് ഓഫീസറുടെ തീരുമാനമാണെന്ന് പറഞ്ഞ് ഡെപ്യൂട്ടി കമ്മിഷണർ ഒഴിഞ്ഞുമാറി.
അതേസമയം സാമ്പിൾ പരിശോധന നടത്തി ലഹരിയുപയോഗം കണ്ടെത്താത്തത് പ്രതികൾക്ക് പഴുതാകുമെന്ന് ഉറപ്പിക്കാം. മൂന്നുപേർ ഒന്നിച്ചിരുന്ന മുറിയിൽ നിന്നാണ് 1.6 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഇത് കൈവശം വച്ച ഒരാൾക്കല്ലാതെ മറ്റുള്ളവർക്ക് കേസിൽ പങ്കില്ലെന്ന് വാദിക്കാം. ഒപ്പമിരുന്നു എന്ന കാരണത്താൽ ആർക്കും മേൽ കുറ്റം ചുമത്താനാവില്ല. അതേസമയം മൂന്നുപേരുടെയും സാമ്പിളെടുത്ത് പരിശോധിച്ചെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക നടപടി തുടങ്ങിയ സാഹചര്യത്തിൽ നിരപരാധിത്വം തെളിയിച്ച് തൊഴിൽ വിലക്ക് നീക്കേണ്ട ആവശ്യം ഇരുവർക്കും പരമപ്രധാനമാണ്. പ്രതിഭ തെളിയിച്ചവരെന്ന നിലക്ക് ധാരാളം ഓഫറുകൾ ഇരുവർക്കും മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾ എല്ലാ പഴുതും ഉപയോഗിക്കും എന്നുറപ്പാണ്. അതിൽ ഏറ്റവും എളുപ്പത്തിൽ ഊരിപ്പോകാവുന്ന കേസാകും ലഹരി കൈവശം വച്ചുവെന്ന് മാത്രം കുറ്റം ചുമത്തുന്ന കേസ്. പ്രത്യേകിച്ച് പ്രതികൾ ഒന്നിലേറെ പേരുള്ളപ്പോൾ.
പ്രതികളുടെ മുറി വിശദമായി പരിശോധിച്ച് സിഗരറ്റുകുറ്റികൾ അടക്കം വലിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുക്കേണ്ടത് ഏത് ലഹരികേസിൻ്റെയും അടിസ്ഥാന പാഠമാണ്. അതിൽ ലഹരിയുടെ അംശം കണ്ടെത്തിയാൽ, ഡിഎൻഎ പരിശോധനയും നടത്തി ഓരോരുത്തരുടെയും പങ്ക് കൃത്യമായി തിരിച്ചറിയാൻ കഴിയും. ഇവിടെ ലഹരിയുപയോഗം പരിശോധിച്ചില്ലെന്ന് എക്സൈസ് തന്നെ പറയുമ്പോൾ അത്തരം തെളിവ് ശേഖരണവും നടന്നിട്ടില്ലെന്ന് ഉറപ്പിക്കാം.
Also Read: ചികിത്സക്ക് വഴങ്ങിയാൽ ഷൈൻ ടോമിന് ലഹരിക്കേസിൽ നിന്നൂരാം!! NDPS വകുപ്പിലെ പഴുത് ഇങ്ങനെ…
കേരളത്തിൽ ഉൽപാദനമില്ലാത്ത ഹൈബ്രിഡ് കഞ്ചാവ് പ്രധാനമായും എത്തുന്നത് മലേഷ്യ, തായ് ലണ്ട് എന്നിവിടങ്ങളിൽ നിന്നാണ്. ഇതിനായുള്ള വിദേശബന്ധം കണ്ടെത്തിയാൽ എൻഡിപിഎസ് ആക്ടിലെ 24 എന്ന ജാമ്യംകിട്ടാത്ത വകുപ്പ് കേസിൽ ചേർക്കേണ്ടതാണ്. ഇതിന് പ്രതികളിലേക്ക് ലഹരി എത്തിയ വഴി കണ്ടെത്തണം. ഒരുദിവസമെങ്കിലും പ്രതികളെ കസ്റ്റഡിയിൽ വച്ച് അതിനുള്ള ശ്രമങ്ങൾ നടത്താതെ രാവിലെ തന്നെ ജാമ്യത്തിൽ വിട്ടതും ദുരൂഹമാണ്. ഫോൺ പരിശോധന കൊണ്ട് മാത്രം ലഹരിക്കേസിൽ തെളിവ് കിട്ടുക എളുപ്പമല്ല.
സിനിമാമേഖലയിലെ ലഹരിക്കെതിരെ അതിശക്ത നിലപാട് സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ കേസുണ്ടായത്. ഇതുവരെ പിടിയിലായവരിൽ ഏറ്റവും പ്രമുഖർ ഇവരാണ്. ഷൈൻ ടോം രണ്ടുവട്ടം പെട്ടെങ്കിലും ഒരുതവണയും ലഹരി കിട്ടിയില്ല. ഇന്നത്തെ കേസിൽ അതും കിട്ടി. എന്നിട്ടാണ് മതിയായ പരിശോധനയോ അന്വേഷണമോ നടത്താതെ വിട്ടുകളഞ്ഞത്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ഇങ്ങനെ അനാസ്ഥ കാണിക്കാനിടയില്ല എന്നത് പരിഗണിച്ചാൽ ഈ വീഴ്ചകൾ കൂടുതൽ സംശയം ഉണ്ടാക്കുന്നതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here