പത്തനംതിട്ടയിൽ വ്യാജ മെഡിക്കൽ കോളജോ? ‘ശ്രീ അയ്യപ്പ’ക്ക് അനുമതിയില്ലെന്ന് സർക്കാർ; ബോർഡും പാടില്ല; പിന്നെന്തേ നടപടിയില്ല !!
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് ആൻ്റ് റിസർച്ച് ഫൗണ്ടേഷന് അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി. അപേക്ഷ സമർപ്പിച്ചെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപനത്തിൽ ഇല്ലെന്ന് കണ്ടെത്തി. ഇതിനാൽ അനുമതി നിഷേധിച്ചു. കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷിൻ്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇത്.
മെഡിക്കൽ കോളജ് തുടങ്ങണമെങ്കിൽ സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റും (ESSENTIALITY CERTIFICATE) ലഭിക്കണം. ഈ സ്ഥാപനത്തിന് ഈ രണ്ട് അനുമതിയും സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സർക്കാരിൻ്റെയോ നാഷണൽ മെഡിക്കൽ കമ്മീഷൻ്റെയോ ആരോഗ്യ സർവ്വകലാശാലയുടേയോ അനുമതിയില്ലാതെ മെഡിക്കൽ കോളജ് എന്ന് ബോർഡ് വെച്ച് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തരം അനുമതിയൊന്നും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി വ്യക്തമാക്കിയിട്ടില്ല. മന്ത്രിയുടെ സ്വന്തം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നാളിതുവരെ ഒരു നോട്ടീസ് പോലും നൽകിയതായി വിവരമില്ല. അനധികൃതമായി മെഡിക്കൽ കോളേജ് എന്ന് പേര് വെച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിട്ടുമില്ല.
ആറുവർഷമായി പ്രവർത്തിക്കുന്നു എന്നാണ് സ്ഥാപനത്തിൻ്റെ വെബ്സൈറ്റിൽ പറയുന്നത്. 300 കിടക്കകൾ ഉള്ള സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളജ് എന്നാണ് ഫെയ്സ്ബുക്ക് പേജിൽ അവകാശപ്പെടുന്നത്. ഇങ്ങനെ പരസ്യം ചെയ്ത് ആളുകളെ ആകർഷിക്കുന്ന സ്ഥാപനമാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്നു എന്ന് ആരോഗ്യമന്ത്രി പറയുന്നത്. മന്ത്രിക്ക് കീഴിലെ വകുപ്പാകട്ടെ ഇതിനെതിരെ ചെറുവിരൽ അനക്കുന്നുമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here