പേവിഷമേറ്റ് കേരളത്തിൽ ഈവർഷം ഇതുവരെ 12 മരണം; സ്കൂൾകുട്ടികളുടെ മരണങ്ങളടക്കം ആശങ്കയായിട്ടും നായ്ക്കളുടെ വാക്സിനേഷനും വന്ധ്യംകരണവും എങ്ങുമെത്തിയില്ല
പേപിടിച്ച നായ്ക്കൾ അടക്കിവാഴുന്ന നിരത്തുകളിലൂടെ കുഞ്ഞുങ്ങളെ സ്കൂളിലയക്കാൻ മാതാപിതാക്കൾ പേടിക്കുമ്പോൾ സ്കൂളുകളിൽ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചെന്ന് വരുത്തി കൈകഴുകുന്നു വിദ്യാഭ്യാസ വകുപ്പ്. നായ്ക്കളുടെ വാക്സിനേഷനും വന്ധ്യംകരണവും അടക്കം ശാസ്ത്രിയ മാർഗങ്ങൾ എവിടെയുമെത്താതെ ഇഴഞ്ഞുനീങ്ങുമ്പോഴാണ് ഒറ്റ ദിവസത്തേക്ക് നടത്തിയ സ്‌പെഷ്യല്‍ അസംബ്ലിയിലൂടെ നായ്ക്കളെ ബോധവൽക്കരിക്കാൻ ശ്രമിച്ചത്. നായ്ക്കളെ കണ്ടാൽ ഒഴിഞ്ഞുനടക്കാനും കടികിട്ടിയാൽ ഉടൻ ചികിത്സ തേടാനുമൊക്കെ കുട്ടികളെ പഠിപ്പിച്ചുവെന്നാണ് സർക്കാർ പറയുന്നത്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഈ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സ്‌കൂളുകളില്‍ ഈ സ്‌പെഷ്യല്‍ അസംബ്ലി നടത്തിയത്. എല്ലാ സ്‌കൂളുകളും ഇത് നടത്തിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാർ ഉറപ്പാക്കണമെന്നാണ് നിർദേശം.
സ്‌കൂള്‍ കോംപൗണ്ടില്‍ തെരുവുനായ്ക്കള്‍ പെരുകാനുള്ളതും തങ്ങാനുള്ളതുമായ സാഹചര്യമൊഴിവാക്കണം, പേവിഷബാധ സംബന്ധിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിദ്യാര്‍ഥികളില്‍ ബോധവത്ക്കരണം നടത്തണം എന്നിങ്ങനെ നിർദേശങ്ങളടങ്ങിയ മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയിലൂടെ ശരീരത്തില്‍ മുറിവ് ഉണ്ടായാൽ അധ്യാപകരെയോ രക്ഷിതാക്കളെയോ ഉടനടി വിവരം അറിയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപകമായി നായ്ക്കൾക്ക് വന്ധ്യംകരണ കേന്ദ്രങ്ങൾ തുറക്കുമെന്ന വാഗ്ദാനം പാഴായി. ഇത്തരം 82 കേന്ദ്രങ്ങൾ ഉണ്ടാകേണ്ട സംസ്ഥാനത്ത് ഇപ്പോഴുള്ളത് കേവലം 18 എണ്ണമാണ്. ഇത്തരം ശാസ്ത്രിയ പ്രതിരോധത്തിനുള്ള നടപടികൾ ഒന്നാകെ പാളിയപ്പോഴാണ് സ്കൂളുകളിൽ ബോധവൽക്കരണമെന്ന പരിപാടിയുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. എന്നാൽ താരതമ്യേന ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ ഈ ബോധവൽക്കരണങ്ങൾ എത്ര ഫലവത്താകുമെന്ന് കണ്ടറിയണം. സ്കൂൾ കുട്ടികളടക്കം നായ്ക്കൾക്ക് ഇരയായി മരണമേറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.
കഴിഞ്ഞ മാസം 27ന് പാലക്കാട് സ്വദേശിയായ ഹോമിയോ ഡോക്ടർ പോലും പേവിഷബാധയേറ്റ് മരിക്കാനിടയായ സാഹചര്യം ഞെട്ടിക്കുന്നതാണ്. വീട്ടിൽ വളർത്തുന്ന നായയുടെ നഖംകൊണ്ട് പരുക്കേറ്റിട്ടും കാര്യമാക്കാതിരുന്ന ഡോക്ടർ നായ ചത്തതോടെ മാത്രമാണ് ചികിത്സ തേടിയത്. ഓരോ ദിവസവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ആൻ്റി റാബീസ് വാക്സിനുകളുടെ ക്ഷാമം പ്രശ്നത്തെ ഗുരുതരമാക്കുന്നുണ്ട്.
അതേസമയം നായയുടെ ആക്രമണമുണ്ടായാൽ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മറ്റിയുടെ പ്രവർത്തനവും നാമമാത്രമായി ചുരുങ്ങി. കമ്മറ്റിക്ക് ഓഫീസ് സൗകര്യങ്ങളും മതിയായ സ്റ്റാഫിനേയും നൽകാതെ സർക്കാർ തന്നെ ആ സംവിധാനത്തെ ദയാവധത്തിന് വിട്ടിരിക്കയാണ്. അപേക്ഷകരുടെ പരാതിക്ക് മറുപടി അയച്ചതിന് സിരിജഗൻ്റ പോക്കറ്റിൽ നിന്ന് ചെലവായ ഒന്നരലക്ഷം രൂപ പോലും സർക്കാർ നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. സർക്കാരിൻ്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ ഈ സംവിധാനത്തെയും ബാധിച്ചുവെന്നാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്.
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേരാണ് വർഷം തോറും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നത്. 2023ൽ നഷ്ടപരിഹാരംതേടി 1383 അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. 2022ൽ ഇത് 2033 ആയിരുന്നു. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തെയടക്കം കേട്ടാണ് അപേക്ഷകളിൽ തീരുമാനം എടുക്കുന്നത്. കമ്മറ്റിയുടെ തീരുമാനം സുപ്രീംകോടതിക്കാണ് അയക്കുന്നത്. സുപ്രീം കോടതിയാണ് ഫണ്ട് അനുവദിക്കാൻ നിർദേശിക്കുന്നത്. തെരുവുനായ ശല്യം സംബന്ധിച്ച ചില ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നുണ്ട്. ഇതിൽ സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടില്ല. ഈ ഹർജികളുടെ വിധിയെ ആശ്രയിച്ചാവും സിരിജഗൻ സമിതിയുടെ ഭാവി തീരുമാനിക്കപ്പെടുക.
“2016ലാണ് ഈ കമ്മറ്റി നിലവിൽ വന്നത്. അന്നുമുതൽ പ്രവർത്തനം നടക്കുന്നുണ്ട്. കമ്മിറ്റിയുടെ മുമ്പിൽ ഇതുവരെ എത്തിയത് 7422 അപേക്ഷകളാണ്. ഇതിൽ 1030 അപേക്ഷകളിൽ മാത്രമാണ് തീരുമാനമെടുക്കാൻ കഴിഞ്ഞത്. കമ്മറ്റിയുടെ സ്റ്റാറ്റസ് എന്താണെന്ന് സുപ്രീം കോടതിയുടെ വിധി വന്ന ശേഷമേ പറയാകൂ”; ജസ്റ്റിസ് സിരിജഗൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
2022ൽ 24 പേരാണ് കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത്. ഈവർഷം ജൂൺ മാസം വരെയുള്ള കണക്ക് സർക്കാർ പുറത്തുവിട്ടതിലാണ് 12 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെ പോലും തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച കേസുകളിൽ ചിലതിലാണ് മരണം വരെ ഉണ്ടായിരിക്കുന്നത്. പ്രതിരോധ വാക്സീൻ എടുത്ത കേസിലും കേരളത്തിൽ മരണമുണ്ടായി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. വാക്സീനെടുക്കാൻ മടിച്ച ഡോക്ടർ മരണത്തിന് കീഴടങ്ങിയ അതീവ ദാരുണസംഭവവും ഇക്കൂട്ടത്തിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here