ബിരുദ കോഴ്സുകളില്‍ ചേരാൻ കുട്ടികളില്ല; 21% കോളജുകളിൽ 200ൽ താഴെ വിദ്യാർഥികൾ മാത്രം

സോന ജോസഫ്‌

തിരുവനന്തപുരം: കേരളത്തിലെ കോളജുകളില്‍ ബിരുദപഠനത്തിന് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സ്വാശ്രയ കോളേജുകളിലാണ് കുട്ടികൾ തീരെയില്ലാത്തത്. കേരളത്തിലെ 21% കോളജുകളില്‍ 200ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉള്ളതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ നടത്തിയ പഠനത്തിൽ വ്യക്തമായി. സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിലെ വിവരങ്ങളാണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോളജുകളിലാണ് കുട്ടികളുടെ എണ്ണം ഏറ്റവും കുറഞ്ഞത്. കണ്ണൂർ സർവകലാശാലക്ക് കീഴിലെ 24 ശതമാനം കോളജുകളിൽ 200നു താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് ബിരുദപഠനത്തിനായി എത്തിയത്. ഉന്നത വിദ്യാഭ്യാസ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ വി.സി. പഠനം നടത്തിയത്. 2022ലെ ബിരുദ വിദ്യാര്‍ഥികളുടെ പ്രവേശന കണക്കുകളാണ് പരിഗണിച്ചത്. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കുട്ടികള്‍ കുറവുള്ളത്. 200-ല്‍ താഴെ മാത്രം കുട്ടികൾ മാത്രമേയുള്ളൂവെന്ന് കണ്ടെത്തിയതെല്ലാം ഇത്തരം സ്ഥാപനങ്ങളിലാണ്. റിപ്പോര്‍ട്ട്‌ ഈ ആഴ്ച സമര്‍പ്പിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഗുണനിലവാര നിയന്ത്രണം വേണ്ടത്രയില്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. സംസ്ഥാനത്തെ കോളജുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തതും സാമ്പത്തിക പരീധനതകളും മറ്റു ഘടകങ്ങളായി കണക്കാക്കാം. പ്ലസ്‌ടു പഠനത്തിന് ശേഷം വീടിനടുത്തുള്ള കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തത് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതിന് മറ്റൊരു കാരണമാകാം. ഇതെല്ലാം കാരണം വിദേശത്ത് ഉപരിപഠനത്തിന് താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഡിഗ്രി കോഴ്സുകള്‍ നാല് വര്‍ഷമാക്കിയത് വിദ്യാര്‍ഥികള്‍ക്ക് ചോയിസ് ഓപ്ഷന്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ട് നേരിടാന്‍ ഇടയാക്കും. കോളജുകള്‍ ക്ലസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നതാകും ഇനി ഉചിതമെന്നും പ്രൊഫ. ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള സര്‍വകലാശാലയുടെ കോളജുകളിൽ അമ്പത് ശതമാനത്തോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷം 8000ത്തോളം സീറ്റുകളിൽ കുട്ടികൾ എത്തിയിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ.മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top