നല്‍കിയത് കാലാവസ്ഥ മുന്നറിയിപ്പ്; പഴിചാരേണ്ട ഘട്ടമല്ല; അമിത്ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത് കാലാവസ്ഥ മുന്നറിയിപ്പ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൊന്നും വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം (Land slide warning system) സ്ഥാപിച്ചിട്ടുണ്ട്. ഈ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയില്ല.

ഒരു തവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിക്കാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും. കേന്ദ്ര ജലകമ്മീഷനും ഇരുവഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ഇതെല്ലാമാണ് വസ്തുത. എന്നിട്ടും കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ ചോദിച്ചത്. വിവരങ്ങള്‍ പരിശോധിച്ചാല്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമായി ഇതിനെ എടുക്കുന്നില്ല.

കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിന് കൂട്ടായ ശ്രമം ആവശ്യമാണ്. അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top