ടോൾപിരിവ് ഒഴിവാക്കി ഞെട്ടിച്ച് മഹാരാഷ്ട്ര സർക്കാർ; മുംബൈയുടെ നിരത്തുകളിൽ ഇന്നു മുതൽ ഉണ്ടാകുന്ന മാറ്റം അറിഞ്ഞിരിക്കണം

കാർ അടക്കമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾസ് പരിധിയിൽ വരുന്ന വാഹനങ്ങൾക്ക് ഇനി മുതൽ മുംബൈയിലേക്ക് പ്രവേശിക്കുന്നതിന് ടോൾ നൽകേണ്ട. ഇന്ന് അർധരാത്രി മുതൽ ഇളവ് പ്രാബല്യത്തിൽ വരും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ടോൾ ഇളവ് സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായത്. മുംബൈയിലെ ദഹിസർ, ആനന്ദ് നഗർ, വൈശാലി, ഐറോളി, മുളുന്ദ് എന്നിവിടങ്ങളിലാണ് ടോള്‍ ബൂത്തുകളുള്ളത്. ഈ ടോളുകളിൽ 45 മുതൽ 75 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഇനി മുതൽ ടോൾ നൽകാതെ ചെറുവാഹനങ്ങൾക്ക് ടോൾ പ്ലാസ കടക്കാം.
ഇതൊരു ചരിത്രപരമായ തീരുമാനമാണെന്നും ഇതിലൂടെ യാത്രക്കാരുടെ സമയം ലാഭിക്കാനും മലിനീകരണവും ഗതാഗത തിരക്കും കുറയ്ക്കാനും കഴിയുമെന്ന് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്നാണ് പ്രതിപക്ഷം സർക്കാരിന്റെ പുതിയ തീരുമാനത്തോട് പ്രതികരിച്ചത്.
നേരത്തെ ടോൾ നിർത്താമായിരുന്നു, പക്ഷേ സർക്കാർ അത് ചെയ്തില്ലെന്ന് ശിവസേന വക്താവ് ആനന്ദ് ദുബെ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പൊതുജനം സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here