ജില്ലക്ക് പുറത്തേക്ക് മാറ്റിയ പോലീസുകാരെ പെരുമാറ്റച്ചട്ടം നീങ്ങിയിട്ടും തിരികെ നിയമിക്കുന്നില്ല; സേനയിൽ അസ്വസ്ഥത, ആശയക്കുഴപ്പം
തിരുവനന്തപുരം: പോലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റങ്ങള്‍ വൈകുന്നത് സേനയ്ക്കുള്ളില്‍ കടുത്ത അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലീസ് ഓഫീസര്‍മാരുടെ താല്‍കാലിക സ്ഥലം മാറ്റങ്ങള്‍ നടന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുമ്പോള്‍ പുതിയ ഉത്തരവ് ഇറങ്ങുകയും അവര്‍ക്കെല്ലാം സ്ഥിരനിയമനം നല്‍കുകയും ചെയ്യണം. എന്നാല്‍ ഇത്രയും ദിവസമായിട്ടും അതുണ്ടായില്ല. ഇതാണ് അതൃപ്തിക്ക് കാരണമായി മാറുന്നത്.
സിഐ, ഡിവൈഎസ്പി, അഡിഷണല്‍ എസ്പിമാര്‍ എന്നിവരുടെ സ്ഥലംമാറ്റങ്ങളാണ് ഇനിയും നടക്കാത്തത്. ലോകാസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി ജില്ല വിട്ടുള്ള മാറ്റങ്ങളാണ് നടന്നത്. പെരുമാറ്റച്ചട്ടം പിവലിക്കുമ്പോള്‍ ഇത് മാറ്റേണ്ടതാണ്. തിരഞ്ഞെടുപ്പിന് മുമ്പുള്ളത് താല്‍കാലിക സ്ഥലംമാറ്റമായത് കൊണ്ട് തന്നെ ഇവരുടെയെല്ലാം കുടുംബങ്ങൾ പഴയ സ്ഥലത്ത് തന്നെ തുടരുകയാണ്. ഉദ്യോഗസ്ഥരെല്ലാം ജില്ലക്ക് പുറത്തും നിൽക്കേണ്ടി വരുന്നത് വീട്ടുകാര്യങ്ങളെല്ലാം താളംതെറ്റിക്കുന്ന അവസ്ഥയിലെത്തി.
സ്‌കൂള്‍ തുറന്ന് ആഴ്ചകളായി. അതുകൊണ്ട് തന്നെ കുട്ടികളുടെ സ്‌കൂള്‍ മാറ്റാനും കഴിയില്ല. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലാണ് പോലീസ് ഓഫീസര്‍മാര്‍. ജൂണ്‍ ആദ്യവാരം തന്നെ പോലീസിന്റെ എല്ലാ തലത്തിലും പുനസംഘടന ഉണ്ടാകുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്. ഇനി സ്ഥലം മാറ്റിയാലും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നിടത്ത് കുട്ടികള്‍ക്കും മറ്റും സ്‌കൂള്‍ അഡ്മിഷനും മറ്റും സംഘടിപ്പിക്കുക ബുദ്ധിമുട്ടുമാകും. ഇതെല്ലാമാണ് ഉദ്യോഗസ്ഥർക്കിടയിൽ ചര്‍ച്ചയാകുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച് മാതൃജില്ലകളില്‍ ക്രമസമാധാന ചുമതലയുള്ള ഉത്തരവാദിത്തം നല്‍കാറില്ല. ഇതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥരെ ജില്ല വിട്ട് നിയമിക്കുന്നത്. എന്നാൽ തിരിച്ചുള്ള നിയമനം ഒരിക്കലും ഇത്ര വൈകാറില്ല. ഇതാണ് ആശയക്കുഴപ്പം ഏറ്റുന്നത്. പോലീസുകാരുടെ ആത്മഹത്യകൾ അടിക്കടി ഉണ്ടാകുന്ന ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചെങ്കിലും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഉണ്ടാകേണ്ടതാണ് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here