‘മോദി രാഹുലിനേക്കാള്‍ ജനകീയന്‍’; പ്രധാനമന്ത്രിയെ പുകഴ്ത്തിയ കാര്‍ത്തി ചിദംബരത്തിന് നോട്ടീസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വെട്ടിലായിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി കാർത്തി ചിദംബരം. രാഹുൽ ഗാന്ധി ഉൾപ്പെടെ ഒരു കോൺഗ്രസ് നേതാവും മോദിയുടെ അത്ര ജനകീയനല്ല എന്ന് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തി ചിദംബരം പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകനാണ് കാർത്തി. വിവാദ പരാമര്‍ശത്തില്‍ കാര്‍ത്തിക്ക് തമിഴ്നാട് കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. 10 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. കെ.ആർ രാമസ്വാമി അധ്യക്ഷനായ സമിതിയാണ് നോട്ടീസ് നൽകിയത്.

ബിജെപിയെ പരാജയപ്പെടുത്താൻ സാധ്യമാണ്, പക്ഷെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിക്ക് പകരം ശക്തമായ ഒരു പേര് നൽകാൻ പ്രയാസമാണെന്നാണ് കാർത്തി പറഞ്ഞത്. മല്ലികാർജ്ജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ഉൾപ്പെടെ ഇന്ത്യ സഖ്യത്തിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും മോദി ഉണ്ടാക്കിയ വ്യക്തിപ്രഭാവം അവരെക്കാൾ ഒക്കെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 100 പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് കാർത്തി ചിദംബരം. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് കാർത്തിയെ പരിഗണിക്കുന്നതിനിടയിലാണ് പുതിയ വിവാദം ചൂടുപിടിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top