മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാക്കേസ്; എംഎല്‍എയേയും പറ്റിച്ചു

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുടെ ഭർത്താവിനെതിരെ കേസ്. മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീറിൻ്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പോലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടി കൊല്ലപ്പെട്ടതോടെ വേറെ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നതായും ഇതിന് വീട് വാടകയ്ക്ക് എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് പ്രതി പണം വാങ്ങിയെന്നുമാണ് കുട്ടിയുടെ അച്ഛൻ്റെ മൊഴി. മുനീറിനെതിരെ ഐപിസി 406, 420 വകുപ്പുകൾ പ്രകാരം വിശ്വാസ ലംഘനം, വഞ്ചനാക്കുറ്റം എന്നിവയ്ക്കാണ് കേസെടുത്തത്.പരമാവധി ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആലുവ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

“പ്രതിക്ക് പരാതിക്കാരനെ വിശ്വാസ വഞ്ചന നടത്തി ചതിക്കണമെന്ന ഉദ്ദേശത്തോടെ, വീട് വാടകയക്ക് എടുത്ത് നൽകാം എന്ന് പറഞ്ഞ് 20000 രൂപ വാങ്ങിയെടുത്തു. നാളിതുവരെ വാടക നൽകാതെയും പണം തിരിച്ച് നൽകാതെയും വിശ്വാസ വഞ്ചന നടത്തി” – എന്നാണ് എഫ്ഐആറിൽ പറയുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ മുനീർ പണം തിരികെ നൽകിയിരുന്നു. കുട്ടിയുടെ അച്ഛനെ ഫോൺ വിളിച്ച് വാർത്ത കളവാണെന്ന് പറയാൻ മുനീർ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്ന കുട്ടിയുടെ പിതാവ് സംഭവം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. പിന്നാലെ ഒരു സുഹൃത്തിന്റെ കൈവശം നൽകാനുള്ള പണം കൊടുത്തുവിടുകയായിരുന്നു.

വാർത്ത വന്നതിന് പിന്നാലെ പോലീസ് ആലുവയിലെ വീട്ടിലെത്തി കുട്ടിയുടെ പിതാവിൽ നിന്ന് മൊഴിയെടുത്തിരുന്നു. കുടുംബത്തിൽ നിന്ന് രേഖാമൂലം പരാതി എഴുതി വാങ്ങിയാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സംഭവം പുറഞ്ഞറിഞ്ഞതോടെ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രതിയുടെ ഭാര്യ ഹസീനയെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നൽകിയത് അൻവർ സാദത്ത് എംഎൽഎയായിരുന്നു. വാടക വീടിന് നൽകിയ അഡ്വാൻസ് തുകയിൽ നിന്നും മുനീർ പണം തട്ടിയെടുത്തെന്ന് മനസിലായതോടെ എംഎൽഎയടക്കം കുടുംബത്തിന് പിന്തുണയായി രംഗത്തെത്തിയിരുന്നു. മുനീർ ആദ്യം കബളിപ്പിച്ചത് തന്നെയായിരുന്നു എന്നാണ് ആലുവ എംഎൽഎയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top