സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്; മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് പോലീസ് കേസ്
കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന പരാതിയിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. മാധ്യമപ്രവർത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് പോലീസ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് 354 എ.
പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
ഇന്നലെ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മോശമായി പെരുമാറിയത്. രണ്ടു വട്ടം മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവക്കുകയും അവര്‍ അത് തട്ടി മാറ്റുകയുമായിരുന്നു. അതേ സമയം, വാത്സല്യത്തോടെയാണ് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക ഷിദ ജഗതും രംഗത്തെത്തി. സുരേഷ് ഗോപി തെറ്റ് മനസിലാക്കണം. സാമൂഹ്യമാധ്യമങ്ങളിലൂടെ സുരേഷ് ഗോപി നടത്തിയത് വിശദീകരണം മാത്രമാണ്അതിനാല്‍ മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും ഷിദ പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവരുതെന്നും അവർ കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here