വീട്ടിലെ പ്രസവം ഭീഷണിയാകുന്നത് എന്ത് കൊണ്ട്; കഴിഞ്ഞ വര്‍ഷം മാത്രം 403 പ്രസവങ്ങള്‍, ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളിയായി സമാന്തര ചികിത്സ
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ എന്ന് പറയുമ്പോഴും അതിന് ഒട്ടും നിരക്കാത്ത സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരത്തിലാണ്, ഇന്നലെ വീട്ടിൽ പ്രസവം നടത്തിയതിനെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചത്. സർക്കാർ-സ്വകാര്യ ആശുപത്രികൾ ചുറ്റുമുള്ള സ്ഥലത്താണിത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ വീടുകളില്‍ നടക്കുന്ന പ്രസവങ്ങളെപ്പറ്റിയുള്ള തെറ്റിധാരണയെക്കുറിച്ച് മാധ്യമ സിൻഡിക്കറ്റ് പരിശോധിക്കുന്നത്.
2021ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ച് കേരളത്തിൽ 99.8 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. ഇത്തരത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സംസ്ഥാനത്തെ മാതൃ-ശിശു ആരോഗ്യ ക്ഷേമത്തിന് വെല്ലുവിളിയായാണ് വീണ്ടും വീട്ടിലെ പ്രസവങ്ങൾ കൂടി വരുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പരിശോധിച്ചാല്‍ 2023ൽ 403 പ്രസവങ്ങളാണ് വീടുകളിൽ നടന്നത്. ഇതിൽ 189 എണ്ണം മലപ്പുറത്താണ്. വയനാടാണ് രണ്ടാം സ്ഥാനത്ത്, 28 എണ്ണം തൊട്ടുപിന്നിൽ 25 കേസുകളുമായി തിരുവനന്തപുരവും ഉണ്ട്. 2022 -23 വർഷത്തിൽ 573 പ്രസവങ്ങൾ വീട്ടില്‍ നടന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാമുദായിക സമ്മർദ്ദം കാരണമാണ് കണക്കുകൾ പുറത്തുവിടാത്തതെന്നാണ് വിവരം. അശാസ്ത്രീയ രീതികൾ പരീക്ഷിക്കുന്നതും, തെറ്റായ ചിന്താഗതികളുമാണ് വീട്ടില്‍ പ്രസവം നടത്താനുള്ള പ്രധാനകാരണം.
“ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടെ കൃത്യമായി ഇടപെട്ട് ഓരോ വീട്ടിലും എത്തി ഗർഭിണികളെ സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. എന്നാൽ ചില തെറ്റായ ധാരണകളുടെ പുറത്ത് ചിലരെങ്കിലും ആശുപത്രികളിൽ എത്താതിരിക്കുന്നുണ്ട്. വീട്ടിൽ പ്രസവം നടത്തി ഗർഭിണിയുടെ നില വഷളാകുമ്പോഴാണ് ആശുപത്രിയിൽ എത്തുന്നത്. അപ്പോഴേക്കും കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ നഷ്ടമാകും. ഇത്തരക്കാരെ കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കുക മാത്രമേ ചെയ്യാൻ സാധിക്കു”; കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ (കെജിഎംഒഎ) ഡോ.സുരേഷ്.ടി.എൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ചിലരെങ്കിലും വീട്ടിൽ ഗർഭിണികളുള്ള കാര്യം മറച്ചുവയ്ക്കുന്നുണ്ടെന്ന് ആശാ പ്രവർത്തകർ ഉൾപ്പെടെ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മരിച്ച ഷെമീറയുടെ വീട്ടിൽ നിരവധി തവണ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ എത്തി വിവരങ്ങൾ ധരിപ്പിച്ചതാണ്. എന്നിട്ടും ഭർത്താവിന്റെ നിർബന്ധത്തിനാണ് വീട്ടിൽ പ്രസവിച്ചത്. ഈ സാഹചര്യം തുടർന്നും ഉണ്ടാകാതിരിക്കാൻ പോലീസ് ഉൾപ്പെടെ ശക്തമായി ഇടപെടേണ്ട അവസ്ഥയാണ്. അശാസ്ത്രീയ രീതികൾ ഉപയോഗിച്ച് വേദനയില്ലാതെയും സിസേറിയൻ ഒഴിവാക്കിയും പ്രസവം നടത്താൻ ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. “പ്രസവസമയത്ത് വികസിക്കുന്ന ഗർഭപാത്രത്തിൽ രക്തസ്രാവം ഉണ്ടായാൽ, കൃത്യമായ മുൻകരുതൽ ഇല്ലെങ്കിൽ എട്ട് മിനിറ്റിൽ ശരീരത്തിലെ മുഴുവൻ രക്തവും നഷ്ടമാകും. വീടുകളിൽ പ്രസവം നടത്തുമ്പോൾ അമിത രക്തസ്രാവം ഉണ്ടായാൽ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനുള്ള സമയം പോലും ലഭിക്കില്ല. ആശുപത്രിയിൽ ആണെങ്കിൽ അതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടാണ് പ്രസവം നടത്തുന്നത്”; ഗൈനക്കോളജിസ്റ്റും കെജിഎംഒഎ അംഗവുമായ ഡോ.റീന എൻ ആർ പറഞ്ഞു.
ആദ്യ പ്രസവം സിസേറിയൻ ആയിരുന്നെങ്കിൽ ഭൂരിഭാഗം കേസുകളിലും പിന്നീടുള്ളവയും സിസേറിയൻ ആയിരിക്കാനാണ് സാധ്യത. ഒരു സിസേറിയനു ശേഷം ചുരുങ്ങിയത് മൂന്ന് വർഷം കഴിഞ്ഞു മാത്രമേ അടുത്ത പ്രസവം പാടുള്ളു എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഗർഭപാത്രത്തിലെ മുറിവ് ഉണങ്ങാനാണ് ഈ കാലദൈര്‍ഘ്യം. എന്നാൽ ഷെമീറയുടെ കാര്യത്തിൽ മുൻപ് നടന്ന മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. മാത്രമല്ല തൊട്ട് മുൻപത്തെ പ്രസവം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളു. ഇത്രയും ഹൈറിസ്ക് കേസായിരുന്നിട്ടാണ് വീട്ടില്‍ പ്രസവത്തിന് മുതിർന്നത്. ഇത്തരത്തിൽ പലരും കൃത്യമായ ഇടവേള നൽകാതെയും മറ്റ് ചികിത്സ രീതികൾ സ്വീകരിക്കുകയും ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ദോഷമായി മാറുന്ന കാഴ്ചയാണ് കൂടുതലും കണ്ടുവരുന്നത്.
കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലായാൽ രാജ്യത്തെ ജനസംഖ്യ വർദ്ധിക്കുമെന്നതിനാൽ, രണ്ട് പ്രസവം കഴിഞ്ഞ സ്ത്രീകൾ വീണ്ടും പ്രസവത്തിനായി ആശുപത്രിയിൽ പോയാൽ വന്ധ്യതയ്ക്കുള്ള മരുന്നുകൾ കുത്തിവയ്ക്കും എന്ന തരത്തിലുള്ള കുപ്രചരണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട് . ആദിവാസി വിഭാഗങ്ങൾക്ക് ഇടയിലും ആശുപത്രിയിൽ പ്രസവിക്കുന്നതിന് എതിരഭിപ്രായം ഉണ്ട്. ഇപ്പോൾ ആദിവാസി മേഖലകളിൽ ഗർഭിണികളെ ഡോക്ടർമാർ വീടുകളിൽ എത്തി പരിശോധിക്കുന്നുണ്ട്. കൂടാതെ ആശാ പ്രവർത്തകർ ഇവർക്ക് ബോധവത്കരണം നടത്തി ആശുപത്രികളിൽ എത്താൻ നിർദേശവും നൽകുന്നുണ്ട്.
പ്രസവത്തിൽ മാത്രമല്ല പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കാനും വിമുഖത കാട്ടുന്നവരുണ്ട്. ഗർഭിണികളും നവജാത ശിശുക്കളും നിർബന്ധമായി എടുക്കേണ്ട കുത്തിവയ്‌പ്പുകൾ ഉണ്ട്. ഇത് എടുക്കാതിരിക്കുന്നത്, അറിഞ്ഞ് കൊണ്ട് ആപത്ത് വിളിച്ചു വരുത്തുന്നത് പോലെയാണ്. പോളിയോ, അഞ്ചാം പനി തുടങ്ങിയ കുത്തിവയ്‌പ്പുകൾ അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് നിർബന്ധമായി എടുക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും എടുക്കാത്തവർ ഇപ്പോഴും ഉണ്ട്. കുത്തിവയ്‌പ്പുകൾ എടുക്കാതിരുന്നാൽ ഈ അസുഖങ്ങൾ വരാനും അത് മറ്റുള്ളവർക്ക് പകരാനും സാധ്യതയുണ്ട്. ഗുരുതരമായ മറ്റൊരു പ്രശ്‌നമാണിത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here