യുക്രെയ്നിൽ ഉത്തര കൊറിയയെ ഇറക്കിയ റഷ്യന്‍ തന്ത്രം; ചൈനയുടെ മൗനത്തിനും പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കയ്ക്കും പിന്നിൽ…

യുക്രെയ്‌നിനെതിരെ യുദ്ധം ചെയ്യാൻ ഉത്തര കൊറിയൻ സൈന്യത്തെ വിന്യസിച്ച റഷ്യൻ നീക്കത്തിനെതിരെ സഖ്യകക്ഷികൾ ശക്തമായി പ്രതികരിക്കാത്തതിന് എതിരെ പൊട്ടിത്തെറിച്ച് പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി. ദുർബലമായ പ്രതികരണം വ്ളാഡമിർ പുടി​ന്‍റെ സംഘത്തെ ശക്തിപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.

ദക്ഷിണ കൊറിയയുടെ കെബിഎസ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഏകദേശം 10,000 ഉത്തര കൊറിയൻ സൈനികർ പരിശീലനത്തിനായി റഷ്യയിലുണ്ടെന്നും അവർ ഉടൻ  യുക്രെയ്‌നിനെതിരെ പോരാടുമെന്നും യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇന്‍റലിജൻസ് ചാനലുകൾ വഴി ഉത്തരകൊറിയക്കാരെ നേരിട്ട് പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചതായി റഷ്യ സ്ഥിരീകരിച്ചതായി വിവരം ലഭിച്ചതായി സെലൻസ്കി അറിയിച്ചു. റഷ്യൻ സൈനിക പ്ലാന്‍റുകളിൽ ജോലി ചെയ്യാൻ എൻജിനീയറിങ്ങിൽ വിദഗ്ധരായ സൈനികരെയും വൻതോതിൽ സിവിലിയൻമാരെയും അയക്കാൻ ഉത്തര കൊറിയയുടെ അനുമതിക്ക് പുടിൻ ശ്രമം നടത്തി​യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര കൊറിയയുടെ സൈനിക വിന്യാസത്തെ സംബന്ധിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ ‘നിശബ്ദത’ തന്നെ അത്ഭുതപ്പെടുത്തിയെന്നും സെലെൻസ്‌കി കൂട്ടി​​​ച്ചേർത്തു. എന്നാൽ, ദക്ഷിണ കൊറിയ രഹസ്യാന്വേഷണ സഹായവും വിപുലമായ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


യുദ്ധമുന്നണിയിലെ ഉത്തര കൊറിയൻ സാന്നിധ്യത്തെ റഷ്യ തള്ളി പറഞ്ഞിട്ടില്ല. എന്നാൽ ആദ്യം ഉത്തരകൊറിയ നിഷേധിച്ചെങ്കിലും പിന്നീട് അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി സൈനികരെ വിന്യസിക്കുകയാണ് എന്ന ന്യായീകരണം നിരത്തുകയാണ് ഉണ്ടായത്. ഇതിനെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.

വടക്കുകിഴക്കൻ യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യയുടെ തെക്കൻ കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവരം ലഭിച്ചതായി ഐക്യരാഷ്ട്രസഭയിൽ ഡെപ്യൂട്ടി യുഎസ് അംബാസഡർ റോബർട്ട് വുഡ് സുരക്ഷാ കൗൺസിലിൽ വെളിപ്പെടുത്തി. കൊറിയൻ പീപ്പിൾസ് ആർമി സൈനികരെ മൂന്ന് ഉത്തര കൊറിയൻ ജനറൽമാർ നിയന്ത്രിക്കുന്നതായി യുക്രെയ്നി​ന്‍റെ പ്രതിനിധിയും യുഎന്നിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top