മുഖ്യമന്ത്രി ഉപയോഗിച്ചാൽ ബസിൻ്റെ മൂല്യം കൂടും; മറിയക്കുട്ടി വിഷയത്തിൽ ദേശാഭിമാനി സംഘടനാപരമായ നിലപാട് സ്വീകരിച്ചു: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസിന് വേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരുക്കിയിരിക്കുന്നത് ആഡംബര ബസല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാധാരണ കെഎസ്ആർടിസി ബസു പോലെയല്ലെന്നും പ്രത്യേകം തയാറാക്കിയ ബസാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

“ബസുണ്ട്, അത് ആഡംബര ബസൊന്നുമല്ല. പരിപാടി കഴിഞ്ഞാൽ അവർ കൊണ്ടുപോകുകയല്ല. കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുകയാണ്. അപ്പോൾ അതിനൊക്കെ മൂല്യം കൂടുകയല്ലേ. ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല, ആക്ഷേപം വന്നുകൊണ്ടേയിരിക്കും. ആഡംബരം ഒന്നുമില്ല. നാളെമുതൽ എല്ലാവരും കാണത്തക്ക രീതിയിൽ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. അപ്പോൾ ഫോട്ടോയോ എന്തു സംവിധാനം വേണമെങ്കിലും ഉപയോഗിച്ച് കാണിച്ചോളൂ. ഒരു രഹസ്യവുമില്ല. ആ ബസ് ഭാവിയിൽ ഉപയോഗിക്കാൻ കഴിയും. ബസിന് മൂല്യം കൂടുകയാണ് ചെയ്യുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ അപ്പുറമാണ്”-എം.വി.ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവില്‍ ഭിക്ഷയെടുത്ത്‌ പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ ദേശാഭിമാനിയില്‍ വന്ന വ്യാജ വാര്‍ത്തയെ സംബന്ധിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ വാർത്ത നൽകിയതിന് പാർട്ടി പത്രമെന്ന നിലയിൽ ദേശാഭിമാനി സംഘടനാപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വാർത്ത നൽകിയത് തെറ്റാണെന്ന് പറഞ്ഞ് പാർട്ടി പത്രം ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞു. വേറെ ഏതെങ്കിലും പത്രം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത് ഗൗരവമുള്ള കാര്യമാണ്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം. പൊതുതെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാൻ കഴിയുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ സുനിൽ കനഗോലുവാണ് വ്യാജ ഐഡികാർഡുകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

പലസ്തീൻ വിഷയം ഉയർത്തി ഇന്ന് വീണ്ടും എം.വി.ഗോവിന്ദൻ കോൺഗ്രസിനെ ആക്രമിച്ചു. വർഗീയ വാദികളേയും കോൺഗ്രസിനെപ്പോലെ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവരേയും മാത്രമേ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചിട്ടുള്ളൂ. സിപിഎം പലസ്തീൻ റാലികളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത ലഭിക്കുന്നുണ്ട്. വിലക്ക് പ്രഖ്യാപിച്ച പാർട്ടികളിലെ അംഗങ്ങൾ ആവേശത്തോടെ പങ്കെടുക്കുന്നു. നിരവധി കോൺഗ്രസ് അനുഭാവികളും റാലികളിൽ പങ്കെടുക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top