ഒടുവില്‍ ഡിഎംകെ പാർട്ടിയല്ലെന്ന പൂഴിക്കടകന്‍; അന്‍വറിന്‍റെ ഓരോ നീക്കവും സൂഷ്മതയോടെ


താൻ ഇന്ന് വൈകിട്ട് മഞ്ചേരിയിൽ പ്രഖ്യാപിക്കാൻ പോകുന്നത് പുതിയ രാഷ്ട്രീയ പാർട്ടിയല്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലുള്ള സാമൂഹിക കൂട്ടായ്മയാണ്. ഇന്ന് നടക്കുന്നത് നിലപാട് പ്രഖ്യാപനമാണെന്നും അൻവർ വ്യക്തമാക്കി. പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ എംഎൽഎ സ്ഥാനം നഷ്ടപ്പെടുമെന്നതിനാണ് സാമൂഹിക കൂട്ടായ്മയെന്ന നിലയിൽ ഡിഎംകെയെ പ്രഖ്യാപിക്കുന്നത് എന്നാണ് സൂചനകൾ. അയോഗ്യതയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ നിയമോപദേശമടക്കം തേടിയ ശേഷമാണ് പുതിയ നീക്കം.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശേഷവും ഏതെങ്കിലും പാര്‍ട്ടിയില്‍ ചേർന്നാൽ അയാള്‍ക്ക് പദവിയിൽ തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. അതുകൊണ്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അന്‍വർ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടും. ഇതൊഴിവാക്കാനാണ് തുടക്കത്തിൽ സാമൂഹിക കൂട്ടായ്മ എന്ന നിലയിൽ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിനെ സംബന്ധിച്ച സൂചനകളും ഇന്ന് വാർത്താ സമ്മേളനത്തിൽ അൻവർ നൽകി. “രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് നിയമവിദഗ്ദ്ധരുമായി സംസാരിച്ചു കൊണ്ടിരിക്കുയാണ്” – അദ്ദേഹം പറഞ്ഞു


ഇന്നും അൻവർ സിപിഎമ്മിനെ കടന്നാക്രമിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്ക് കേരളത്തിലെ സിപിഎം സ്ഥാനാർഥികൾ എത്തും. പശ്ചിമബംഗാളിനേക്കാളും മോശമായ അവസ്ഥയാണ് കേരളത്തിലെ പാർട്ടിയെ കാത്തിരിക്കുന്നത്. ചെന്നൈയിൽ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ഡിഎംകെ. മതേതരത്വത്തിന്റെ മുഖമാണ് ഡിഎംകെ. ഇന്ന് ഡിഎംകെ നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കും. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. ഇതിനുശേഷം 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ പൊതുസമ്മേളനം നടത്തുമെന്നും അൻവർ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജംഗ്ഷനിലാണ് നിലമ്പൂർ എംഎല്‍എ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top