പുതിയ സിനിമ സംഘടനയില്‍ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നു
ആഷിക് അബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന സംഘടനയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ലിജോ ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ചേരുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ലിജോ കുറിച്ചു.
ആഷിഖ് അബുവിനൊപ്പം സംവിധായിക അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മലയാള സിനിമയിലെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ആദ്യ ചര്‍ച്ചകളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങളെ എല്ലാം പാടെ നിഷേധിക്കുകയാണ് സംവിധായകന്‍. കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി ഉണ്ടാകുമെന്നും ലിജോ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്ന വാഗ്ദാനവുമായാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിയിരുന്നു. ഈ കത്തില്‍ പേരുണ്ടായിരുന്ന ലിജോ ജോസ് പെല്ലിശേരിയാണ് ഇതിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഫെഫ്കയില്‍ നിന്നും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആഷിക് അബു രാജിവച്ചതിന് ശേഷമാണ് പുതിയ സംഘടന പ്രഖ്യാപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here