ഹേമ കമ്മിഷൻ റിപ്പോർട്ട് പരസ്യമാകും; പുറത്തു വിടരുതെന്ന ഹർജി തള്ളി

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കുന്നത് അല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്.
റിപ്പോർട്ട് പുറത്ത് വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി കോടതി നീട്ടി.
വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ് പ്രകാരം റിപ്പോർട്ട് പരസ്യമാക്കാനിരുന്ന ദിവസമാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. റിപ്പോർട്ട് പരസ്യമാക്കിയാല്‍ കമ്മിഷനോട് വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ രൂപീകരിച്ചത്. 2019 ഡിസംബറിൽ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here