‘ഒന്നിച്ച് കളിച്ചപ്പോൾ പോലും മിണ്ടിയിട്ടില്ല’; ധോണിക്ക് തന്നോട് ശത്രുതയെന്ന് ഹർഭജൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായി നിലവിൽ നല്ല ബന്ധമല്ലെന്ന് വെളിപ്പെടുത്തി മുൻ താരം ഹർഭജൻ സിംഗ്. താനും എംഎസ് ധോണിയും കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ പരസ്പരം സംസാരിക്കാറില്ലെന്നാണ് ഇന്ത്യൻ സ്‌പിൻ ബോളറുടെ തുറന്നു പറച്ചിൽ. എംഎസ് ധോണിയുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവരും ഇപ്പോൾ സുഹൃത്തുക്കളല്ലെന്നും ഹർഭജൻ വെളിപ്പെടുത്തി. 2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു ഹർഭജനും എംഎസ് ധോണിയും.
ഇരുവരും തമ്മിലുള്ള ബന്ധം നല്ല രീതിയിലല്ല എന്ന റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. അത് ശരിവയ്ക്കുയാണ് ഇപ്പോൾ ഹർഭജൻ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിച്ചപ്പോഴും ഇരുവരും തമ്മിൽ കളിക്കളത്തിന് പുറത്തുവച്ച് പരസ്പരം സംസാരിച്ചിട്ടില്ലെന്ന് ഇന്ത്യൻ സ്പിന്നർ തുറന്നടിച്ചു. 2018-2020 കാലയളവിലാണ് ഹർഭജൻ ചെന്നെ ടീമിന് വേണ്ടി കളിച്ചത്. ഫോണിൽപ്പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ഹർഭജൻ പറഞ്ഞു. തന്നെ വിളിക്കാറുള്ളവരെ മാത്രമാണ് താൻ തിരിച്ചുവിളിക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
2015ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലാണ് ഹർഭജനും ധോണിയും അവസാനമായി ഒന്നിച്ച് ഇന്ത്യൻ കുപ്പായമണിഞ്ഞത് . 2015 ലോകകപ്പിന് ശേഷം ഹർഭജനും യുവരാജ് സിംഗും ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നിൽ ധോണിയാണ് എന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നീട് ആറ് വർഷത്തിന് ശേഷം 2021ൽ ഹർഭജൻ വിരമിക്കുകയായിരുന്നു. ഒരു കാലത്ത് ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലായിരുന്ന ഹർഭജനും യുവരാജിനും വിരമിക്കൽ മത്സരത്തിന് പോലും ധോണി അവസരം നൽകിയില്ലെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here