കേസ് സ്വന്തം ചെലവില്‍ മതി; സർവകലാശാലയുടെ 1.13 കോടി തിരിച്ചടയ്ക്കണം; വിസിമാര്‍ക്ക് ഗവര്‍ണറുടെ നിർദേശം
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഇനി യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും പണമെടുത്ത് കേസ് നടത്തേണ്ടെന്ന് വിസിമാര്‍ക്ക് നിര്‍ദ്ദേശം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് നടത്താന്‍ ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിവിധ സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചതിനാണ് ഈ തുക ചിലവഴിച്ചിരിക്കുന്നത്. വിസിമാര്‍ ചെലവഴിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കണ്ണൂര്‍ വിസിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും, കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോണ്‍ 36 ലക്ഷം രൂപയും, സാങ്കേതിക സര്‍വ്വകലാശാല വിസിയായിരുന്ന ഡോ.എം.എസ്.രാജശ്രീ ഒന്നരലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജ് 4,25,000 രൂപയും, കുസാറ്റ് വിസി ഡോ.കെ.എന്‍.മധുസൂദനന്‍ 77,500 രൂപയും, മലയാളം സര്‍വകലാശാലാ വിസിയായിരുന്ന ഡോ.വി.അനില്‍കുമാര്‍ ഒരുലക്ഷം രൂപയും, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി ഡോ.മുബാറക് പാഷ 53,000 രൂപയും സര്‍വ്വകലാശാല ഫണ്ടില്‍ നിന്നും ചെലവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസർ നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി ചെലവിനായി എട്ടുലക്ഷം രൂപയാണ് യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവാക്കിയത്. സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഈ കേസില്‍ ചെലവഴിച്ച മുഴുവന്‍ തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിസിമാരും പ്രിയ വര്‍ഗീസും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിര്‍ന്ന അഭിഭാഷകര്‍ മുഖേനയാണ് ഹര്‍ജികൾ ഫയല്‍ ചെയ്തത്. എന്നാല്‍ കേരള, എംജി, ഡിജിറ്റല്‍ വിസിമാര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചിട്ടില്ല. കാലിക്കറ്റ് വിസി വെള്ളിയാഴ്ച്ച കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേസിനു ചെലവിട്ട തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ് വന്നിരിക്കുന്നത്. ഡോ.ഗോപിനാഥ് രവീന്ദ്രന്‍ ഡൽഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂര്‍ വിസി ജാമിയ യൂണിവേഴ്‌സിറ്റിയെ അറിയിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here