ബാറിൻ്റെ ഉള്ളിൽകയറി മദ്യപരെ പിടിക്കരുതെന്ന് കൊടുത്ത നിർദേശം പിഴച്ചു; സർക്കുലർ റദ്ദാക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി

മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള വാഹനപരിശോധനകൾ സർവ്വസാധാരണമാണ്. ഇവയുടെ കണക്ക് മേലുദ്യോഗസ്ഥർ ദൈനംദിനം ചോദിക്കുകയും കുറഞ്ഞുപോയാൽ എസ്ഐ അടക്കമുള്ളവർ പഴികേൾക്കുകയും ചെയ്യുന്നത് പോലീസിൽ പുതുമയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ കാര്യക്ഷമത തെളിയിക്കാൻ ബാറുകളുടെ പടിക്കൽ കാത്തുനിന്ന് ‘ഊതിക്കുന്നത്’ ചില ഉദ്യോഗസ്ഥർ ശീലമാക്കിയിട്ടുണ്ട്. കൂടുതൽ ശുഷ്കാന്തിക്കാർ ബാറിനുള്ളിൽ കയറി പോലും പിടികൂടുന്ന കേസുകളും ഉണ്ടാകാറുണ്ട്. ഇങ്ങനെ ചിലരെക്കൊണ്ടുള്ള തലവേദനയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് വിനയായത്.

മദ്യപരെ പിടികൂടാനുള്ള വാഹനപരിശോധനയുടെ പേരിൽ പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ ഉപദ്രവിക്കുന്നുവെന്ന പരാതി മലപ്പുറത്തെ ബാറുടമകളിൽ ചിലർ സർക്കാരിലേക്ക് അയച്ചു. ഇതിൽ വിശദീകരണം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ എസ്പി തീരുമാനിച്ചത്. അത് സർക്കുലറാക്കി എല്ലാ ഡിവൈഎസ്പിമാർക്കും എസ്എച്ച്ഒമാർക്കും അയക്കാൻ ഓഫീസിൽ നിർദേശവും നൽകി. എന്നാലത് പുറത്തുപോയ ശേഷമാണ് പിഴവ് ശ്രദ്ധയിൽപെട്ടത്. “അംഗീകൃത ബാറുകളുടെ ഉളളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ല” എന്നായിപ്പോയി.

വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയയുടൻ സന്ദേശം റദ്ദാക്കിക്കൊണ്ട് അറിയിപ്പ് നൽകിയതായി എസ്പി എസ്.ശശിധരൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പുതുക്കിയ നിർദേശം പിന്നീട് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് ‘ക്ലറിക്കൽ മിസ്റ്റേക്ക്’ ആണെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നും എസ്പി പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top