കശ്മീരിലെ കൂട്ടമരണത്തിന് പിന്നിൽ കാഡ്മിയം; രാജ്യത്തെ ഞെട്ടിച്ച വിഷവസ്തുവിൻ്റെ പേര് പുറത്തുവിട്ട് കേന്ദ്ര മന്ത്രി
ജമ്മു കശ്മീരിലെ രജൗരിയിൽ മൂന്ന് കുടുംബങ്ങളിലെ 17 പേർ മരിച്ചതിന് പിന്നിൽ കാഡ്മിയം കലർന്ന വിഷവസ്തുവാണെന്ന് കേന്ദ്ര മന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഒന്നരമാസത്തിന് ഇടയിൽ ഇത്രയും പേരുടെ മരണത്തിന് കാരണമായത് കീടനാശിനിയാണെന്ന തരത്തിൽ നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു. കൂട്ടമരണമുണ്ടായ വീടുകളിലുള്ളവർ വെള്ളമെടുക്കുന്ന സമീപത്തെ ബാവോളി എന്ന പേരിലറിയപ്പെടുന്ന ജലസംഭരണിയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായിട്ടായിരുന്നു വാർത്തകൾ. ദൈനിക് ജാഗ്രണിനോടാണ് വിഷവസ്തുവിൻ്റെ പേര് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.
ലഖ്‌നൗവിലെ ഐഐടി റിസര്‍ച്ച് സെന്റര്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ശരീരത്തിൽ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ ശരീരത്തില്‍ മറ്റ് തരത്തിലുള്ള വൈറസിന്റെയോ ബാക്ടീരിയയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്റെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
മരണത്തിന് പിന്നിൽ ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. മരിച്ചവരിൽ 14 പേര്‍ കുട്ടികളാണ്. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് കൗമാരക്കാര്‍ നിലവില്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 200ല്‍ അധികം പേരാണ് ക്വാറന്റൈനിലുള്ളത്. ബധാല്‍ ഗ്രാമം കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളുമായിട്ടാണ് മരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് കഴിഞ്ഞ ഡിസംബർ ഏഴിനും 17നും ഇടയിലായി രജൗരിയിൽ മരിച്ചത്. എന്താണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള ദുരൂഹരോഗം ആണോ സംഭവത്തിന് പിന്നിലുള്ളതെന്ന സാധ്യത കേന്ദ്രസംഘം നേരത്തെ തള്ളിയിരുന്നു.
എങ്ങനെയാണ് ഇവരുടെയുള്ളിൽ കാഡ്മിയം ടോക്‌സിൻ എത്തിയതെന്നും കണ്ടെത്താനായിട്ടില്ല. ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉള്‍പ്പടെ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള അന്വേഷണ സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഇതിനിടയിലാണ് വിഷവസ്തുവിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here