‘വിൽക്കാൻ താല്പര്യമില്ലാത്തിനാൽ നാല് സഹോദരിമാരെ കൊന്നു, സഹായിച്ചത് അച്ഛൻ’; അരുംകൊലക്ക് ശേഷമെടുത്ത വീഡിയോ പുറത്ത്
പുതുവർഷദിനത്തിൽ ഹോട്ടൽ മുറിയിൽ അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി യുവാവ്. ലഖ്‌നൗവിലെ ഹോട്ടൽ ശരൺജിത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സഹോദരിമാരെ വിൽക്കാൻ താല്പര്യമില്ലാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതി ആഗ്ര സ്വദേശി അർഷാദ് (24) പറയുന്നത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുറത്തുവന്ന വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യുവാവിൻ്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് മരിച്ചത്. തൻ്റെ അയൽക്കാരും ബുദൗണിലെ ഭൂമാഫിയയും ചേർന്ന് വീട് കൈവശപ്പെടുത്തിയതായും സഹോദരിമാരെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടതായും അർഷാദ് വീഡിയോയിൽ ആരോപിക്കുന്നു. അമ്മയെയും മൂന്ന് സഹോദരിമാരെയും താൻ കൊലപ്പെടുത്തിയെന്നും നാലാമത്തെ സഹോദരി മരിക്കാൻ പോകുന്നുവെന്നും യുവാവ് പറയുന്നു. തുടർന്ന് മൃതദേഹങ്ങൾ കാണിക്കുകയും താൻ അവരെ ശ്വാസം മുട്ടിച്ചും കൈത്തണ്ട മുറിച്ചും കൊന്നുവെന്നും പറയുന്നു. പിതാവാണ് അതിന് തന്നെ സഹായിച്ചെതെന്നും അർഷാർദ് പറഞ്ഞു.
ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോൾ നാട്ടുകാരാണ് കൊലപാതത്തിന് ഉത്തരവാദികളെന്ന് അവർ അറിയണം. റാനു, അഫ്താബ്, അലീം ഖാൻ, സലിം, ആരിഫ്, അഹമ്മദ്, അസ്ഹർ… എന്നിങ്ങനെ മരണത്തിന് കാരണക്കാരെന്ന് ആരോപിച്ച് കുറച്ച് പേരുകളും വീഡിയോയിയിൽ വ്യക്തമാക്കുന്നുണ്ട്. ഇവർ ഭൂമാഫിയയും പെൺവാണിഭ സംഘവുമാണ്. തന്നെയും അച്ഛനെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. സഹോദരിമാരെ വിൽക്കാൻ അവർ പദ്ധതിയിട്ടു. അതിന് താല്പര്യമില്ലാത്തതിനാലാണ് സഹോദരിമാരെ കൊലപ്പെടുത്തിയത്.
തൻ്റെ കുടുംബം മതം മാറാൻ ആഗ്രഹിക്കുന്നുവെന്നും നീതിക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷിച്ചതായും യുവാവ് വീഡിയോയിൽ പറഞ്ഞു. സംഭവശേഷം ഇയാളുടെ പിതാവ് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതായി സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ഡിസിപി) രവീണ ത്യാഗി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here