കേരളത്തിന് ഒന്നുമില്ല; ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി; കാന്‍സര്‍ മരുന്നിന് വില കുറയും
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നുമില്ല. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളായ എയിംസ്, സാമ്പത്തിക പാക്കേജ്, റെയില്‍ വികസനം തുടങ്ങിയവയൊന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പരിഗണിച്ചില്ല. ബജറ്റില്‍ കോളടിച്ചത് ആന്ധ്രാ പ്രദേശിനും ബീഹാറിനുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കൈപിടിച്ച നിതീഷ്‌കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികള്‍ക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുമെന്നും ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11,500 കോടിയുടെ സഹായമുണ്ട്. വിനോദ സഞ്ചാര വികസനത്തിലും വമ്പന്‍ പദ്ധതികളാണ് ബീഹാറിനുളളത്. ബീഹാറില്‍ 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം നല്‍കും. ബീഹാറിനെ ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കും. ഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കുമെന്നും നളന്ദ സര്‍വകലാശാലയേയും വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കുമെന്നും ബജറ്റില്‍ പറയുന്നു. വിഷ്ണു പഥ്, മഹാബോധി ഇടനാഴികള്‍ക്ക് സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും. ഇവയെ കസ്റ്റംസ് തീരുവയില്‍ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെല്‍ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ലതറിനും, തുണിത്തരങ്ങള്‍ക്കും വില കുറയും. സ്വര്‍ണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.
ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കിയിട്ടുണ്ട്. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മുദ്രാലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ത്തി. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂപയും നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവെച്ചു.ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here