ചിരികളെല്ലാം മാഞ്ഞ് പുഞ്ചിരിമട്ടം; അവശേഷിക്കുന്നത് ഭീതി നിറയ്ക്കുന്ന കാഴ്ചകൾ
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെ വിഴുങ്ങിയ ഉരുൾപൊട്ടലിൽ ഒന്നും അവശേഷിക്കാതെ പുഞ്ചിരിമട്ടം. ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ ഈ പ്രദേശം ഒരു വീടു പോലുമില്ലാതെ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. ജനവാസ കേന്ദ്രമായിരുന്ന പുഞ്ചിരിമട്ടത്ത് ഇപ്പോൾ വെറും കല്ലും മണ്ണും നിറഞ്ഞ് ദുരന്തത്തിൻ്റെ ഭീകരതയാണ് അടയാളപ്പെടുത്തുന്നത്.
ഉരുൾപൊട്ടലിന് ശേഷം നടന്ന രക്ഷാപ്രവർത്തനത്തിൽ ആദ്യ ദിവസം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം. ഇവിടേക്ക് തിരച്ചിലിനായുള്ള യന്ത്രസാമഗ്രികൾ എത്തിക്കുന്നത് ഇപ്പോഴും ദുഷ്ക്കരമായി തുടരുകയാണ്. ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിലുള്ള കാഴ്ചകളാണ് പ്രദേശത്തു നിന്നും പുറത്തു വരുന്നത്. മുകളിലേക്ക് ചെല്ലുംതോറും മണ്ണും കല്ലും ചളിയുമൊക്കെ കൂടികലര്‍ന്ന് തകര്‍ച്ചയുടെ ഭീതി കൂട്ടുകയാണ് പുഞ്ചിരിമട്ടം.
പുലർച്ചെ ഒരു മണിക്കുണ്ടായ ആദ്യ ഉരുൾപൊട്ടലിന് ശേഷം കുറച്ച് ആളുകളെ ഇവിടെ നിന്നും മാറ്റാൻ കഴിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇടയിൽ രാവിലെ നാല് മണിക്ക് വീണ്ടും ഉരുൾപൊട്ടിയിരുന്നു. ഇതിനുശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവിടുത്തെ ലയങ്ങളില്‍ ഉണ്ടായിരുന്ന അസം സ്വദേശികളെയും മറ്റ് താമസക്കാരെയും കണ്ടെത്താൻ കഴിയാത്തതും ഭീതി വർധിപ്പിക്കുന്നു. ഇവിടെ മണ്ണിനടിയിലും കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിലും ആളുകൾ കുടുങ്ങി പോയിട്ടുണ്ടാകും എന്ന സംശയമാണ് ഇതുയർത്തുന്നത്.
പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിൽ ഭീഷണിയും കാരണം പുഞ്ചിരിമട്ടത്തെ രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കുകയാണ്. പലവട്ടം തിരച്ചിൽ നിര്‍ത്തിവയ്ക്കേണ്ടിവന്നു. കൂടുതല്‍ യന്ത്രങ്ങള്‍ ഇവിടേയ്ക്ക് എത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഇവിടേക്കുള്ള റോഡ് പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. മുകളിലെത്തി തിരച്ചിൽ നടത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും നിലൽക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here