മോദിയുടെ മൂന്നാം സത്യപ്രതിജ്ഞയിൽ അപൂർവത എന്ത്? ഇന്ദിരയും വാജ്പേയിയും മൂന്നുവട്ടം പ്രതിജ്ഞചെയ്തു; നെഹ്റു അഞ്ചുവട്ടം പ്രതിജ്ഞയെടുത്ത് അധികാരമേറ്റു

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംവട്ടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്നത് ബിജെപി വലിയ ആഘോഷമാക്കിയിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിന് ശേഷം തിരഞ്ഞെടുപ്പിലൂടെ മൂന്നാമത് തവണ സത്യപ്രതിജ്ഞ ചെയ്ത ഏക പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദിയെ നെഹ്റുവിനൊപ്പം പ്രതിഷ്ഠിച്ചാണ് അണികളും ചില വിദേശ മാധ്യമങ്ങളും ഇതിനെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ വസ്തുത മറിച്ചാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അഞ്ചു തവണയും മൂന്ന് തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രിമാരുണ്ട്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടൊഴിഞ്ഞു പോകുന്നതിന് മുന്നോടിയായി അധികാര കൈമാറ്റവും നാട്ടുരാജ്യങ്ങളുടെ ലയനവും സുഗമമാക്കാൻ ഇടക്കാല ഗവൺമെൻ്റിന് രൂപം കൊടുത്തു. ഈ സർക്കാരാണ് ഇന്ത്യാ-പാകിസ്ഥാൻ വിഭജന പ്രക്രിയകളും, 1947 ഓഗസ്റ്റ്‌ 15ന് സ്വതന്ത്ര ഇന്ത്യ നിലവിൽ വരുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. ഇതിൻ്റെ ഭാഗമായി 1946 സെപ്റ്റംബർ രണ്ടിന് വൈസ്റോയിക്ക് മുന്നിൽ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10 മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞയെടുത്തു. ഈ മന്ത്രിസഭയിൽ മുസ്ലീംലീഗിൻ്റെ അംഗങ്ങളും ഉണ്ടായിരുന്നു. ഇടക്കാല മന്ത്രിസഭ 1947 ഓഗസ്റ്റ് 15 വരെ തുടർന്നു.

സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ഓഗസ്റ്റ് 15ന് തന്നെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയും ചുമതലയേറ്റു. നെഹ്റുവിൻ്റെ നേതൃത്വത്തിൽ ഒരു സർവ്വകക്ഷി മന്ത്രിസഭയാണ് അന്ന് വൈസ്റോയി മൗണ്ട് ബാറ്റന് മുന്നിൽ അധികാരമേറ്റത്. പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്റുവിൻ്റെ രണ്ടാമത്തെ സത്യപ്രതിജ്ഞയായിരുന്നു അന്ന് നടന്നത്. 15 മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ മന്ത്രിസഭ 1952 ഏപ്രിൽ 15 വരെ തുടർന്നു. നാല് വർഷവും എട്ട് മാസവും മന്ത്രിസഭ അധികാരത്തിൽ തുടർന്നു.

സ്വാതന്ത്ര്യം ലഭിച്ച ശേഷം നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്താണ് ഇന്ത്യ റിപ്പബ്ലിക്കായി നിലവിൽ വന്നത്. ഈ മന്ത്രിസഭയുടെ കാലത്താണ് രാജ്യത്തെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതും വിജയകരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതും. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയാണ് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ നെഹ്റുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് 489ല്‍ 364 സീറ്റ് നേടി. ലോക്സഭയിലെ ആകെ സീറ്റുകളുടെ 74 ശതമാനം ആയിരുന്നു ഇത്. അങ്ങനെ നെഹ്റു പ്രധാനമന്ത്രിയായി മൂന്നാംവട്ട സത്യപ്രതിജ്ഞ 1952 ഏപ്രിൽ 15ന് ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് മുമ്പാകെ നടന്നു. ഒപ്പം 22 ക്യാബിനറ്റ് മന്ത്രിമാരും ചുമതലയേറ്റു.

സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 24 മുതൽ മാർച്ച് 14 വരെയാണ് നടന്നത്. നെഹ്റുവിൻ്റെ നേതൃത്വത്തിൽ മത്സരിച്ച കോൺഗ്രസിന് 494 അംഗ ലോക്സഭയിൽ 371 സീറ്റുകൾ ലഭിച്ചു. അതായത് സഭയുടെ മൊത്തം അംഗങ്ങളിൽ 75 ശതമാനവും കോൺഗ്രസിന് ലഭിച്ചു. 1957 ഏപ്രിൽ 17ന് നാലാംവട്ടം നെഹ്റു പ്രധാനമന്ത്രിയായി പ്രസിഡൻ്റ് രാജേന്ദ്ര പ്രസാദിന് മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു. വളരെ ദുർബലമായ പ്രതിപക്ഷമായിരുന്നു അന്ന് ഉണ്ടായിരുന്നത്.

നെഹ്റുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് അഭിമുഖീകരിച്ച അവസാന ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു 1962 ഫെബ്രുവരി 19 മുതൽ 25 വരെ രാജ്യത്ത് നടന്നത്. ഈ മൂന്നാം ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രിയുടെ ആരോഗ്യവും പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളും പ്രചാരണ വേദികളിൽ സജീവമായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 72കാരനായ നെഹ്റുവിനെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. മൂന്നാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 361 സീറ്റ്കളാണ് കിട്ടിയത്. 1957ൽ കിട്ടിയതിനേക്കാൾ പത്ത് സീറ്റ് കുറവാണ് 62 ൽ കിട്ടിയത്. അഞ്ചാംവട്ടം പ്രധാനമന്ത്രിയായി അദ്ദേഹം 1962 ഏപ്രിൽ രണ്ടിന് രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് മുമ്പാകെ ചുമതലയേറ്റു.

സ്വതന്ത്ര ഇന്ത്യയിൽ ഒരേ രാഷ്ട്രപതിക്കു മുമ്പിൽ മൂന്ന് പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്ത ഏക പ്രധാനമന്ത്രി എന്ന പ്രത്യേകതയും ജവഹർലാൽ നെഹ്റുവിനുണ്ട്. അധികാരത്തിലിരിക്കുന്ന കാലത്താണ് അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. 1964മെയ് 27ന് അദ്ദേഹം 74-ാമത്തെ വയസിൽ വിടവാങ്ങി. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി 16 വർഷവും 286 ദിവസവും നെഹ്റു അധികാരത്തിൽ ഉണ്ടായിരുന്നു. ഇതുവരെ ആ റെക്കോർഡ് ആരും തകർത്തിട്ടില്ല.

നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ നിര്യാണത്തെ തുടർന്നാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. 1966 ജൂൺ ഒമ്പതിന് രാഷ്ട്രപതി സർവപ്പള്ളി രാധാകൃഷ്ണൻ മുമ്പാകെ ഇന്ദിര ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1967ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നു. ഒപ്പം ഇന്ദിരാ ഗാന്ധിക്ക് സംഘടനയ്ക്കുള്ളിൽ നിന്ന് മുതിർന്ന നേതാക്കളടെ എതിർപ്പും ശക്തമായിരുന്നു. 1967ൽ ഇന്ദിരയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 523 അംഗ ലോക്സഭയിൽ 283 സീറ്റുകൾ നേടാൻ മാത്രമേ കഴിഞ്ഞുള്ളു. 1967 മാർച്ച് 13ന് രാഷ്ട്രപത്രി രാധാകൃഷ്ണൻ മുമ്പാകെ ഇന്ദിര രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അഞ്ചാം ലോക്സഭയിലേക്ക് 1971 മാർച്ച് ഒന്ന് മുതൽ 10 വരെ നടന്ന തിരഞ്ഞെടുപ്പിൽ 352 സീറ്റും 43.68% വോട്ടും നേടി ഇന്ദിരാ ഗാന്ധി വൻ തിരിച്ചുവരവ് നടത്തി. 1971 മാർച്ച് 18ന് ഇന്ദിര മൂന്നാംവട്ടം പ്രസിഡൻ്റ് വി.വി.ഗിരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയും അവരുടെ പാർട്ടിയും അധികാരത്തിൽ നിന്ന് പുറത്തായി. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ആദ്യ കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വന്നു. രണ്ട് വർഷം തികയുന്നതിന് മുമ്പേ മൊറാർജിയുടെ ജനതാ സർക്കാർ നിലംപതിച്ചു.

1980 ജനുവരി മൂന്ന് മുതൽ ആറുവരെ ഏഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. രണ്ട് വർഷം മുമ്പ് അധികാരത്തിൽ നിന്ന് പുറത്തായ ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് അതിശയിപ്പിക്കും വിധത്തിലുള്ള തിരിച്ചുവരവ് നടത്തി. 352 സീറ്റും 42.69 ശതമാനം വോട്ടും നേടി ഇന്ദിര വീണ്ടും പ്രധാന മന്ത്രിയായി. 1980 ജനുവരി 14ന് നാലാംവട്ടവും ഇന്ദിര പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ച 1984 ഒക്ടോബർ 31 വരെ ഇന്ദിര അധികാരത്തിൽ ഉണ്ടായിരുന്നു.

1984ൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തിൽ അധികാരമേറ്റു. ഈ സർക്കാർ 1989 വരെ തുടർന്നു. പിന്നിട് വി.പി.സിംഗ്, എസ്.ചന്ദ്രശേഖർ, നരസിംഹ റാവു, എച്ച്.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്റാൾ, എ.ബി.വാജ്പേയി എന്നിവരുടെ നേതൃത്വത്തിലൊക്കെ സർക്കാരുകൾ അധികാരത്തിൽ വന്നു. 1996 മെയ് 16ന് ആദ്യമായി അധികാരത്തിലെത്തിയ വാജ്പേയിയും മൂന്നുതവണ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

ആദ്യ തവണ പക്ഷേ വാജ്പേയിക്ക് ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ല. 13 ദിവസം മാത്രം ആയുസുണ്ടായിരുന്ന മന്ത്രിസഭ നിലംപതിച്ചു. 1998 മാർച്ച് 18ന് വാജ്പേയ് രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. പക്ഷേ ജയലളിതയുടെ എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതോടെ ആ മന്ത്രിസഭ താഴെവീണു. 1999ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വാജ്പേയ് നേതൃത്വം കൊടുത്ത എൻഡിഎ മുന്നണി സർക്കാർ അധികാരത്തിൽ വന്നു. 1999 ഒക്ടോബർ 13ന് മൂന്നാംവട്ടം അദ്ദേഹം രാഷ്ട്രപതി കെ.ആർ.നാരായണൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന വാജ്പേയ് നേതൃത്വം കൊടുത്ത ദേശീയ മുന്നണി സർക്കാർ അഞ്ചു വർഷക്കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ കോൺഗ്രസിതര മന്ത്രിസഭയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top