എപിപി അനീഷ്യയുടെ ആത്മഹത്യയിൽ പ്രതിക്കെതിരേ മാനനഷ്ടത്തിന് നോട്ടീസ്; ജാമ്യാപേക്ഷയിൽ അപകീർത്തികരമായ പരാമർശം; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം

കൊച്ചി: പരവൂർ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ പ്രതിയായ അബ്ദുൾ ജലീലിനെതിരെ മാനനഷ്ടത്തിന് നോട്ടീസ്. അനീഷ്യയുടെ ഭർത്താവും മാവേലിക്കര ജില്ലാ ജഡ്ജിയുമായ കെഎൻ അജിത് കുമാറാണ് നോട്ടീസ് അയച്ചത്. പരവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി) ആയിരുന്നു അബ്ദുൾ ജലീൽ.

ഹൈക്കോടതിയിൽ അബ്ദുൾ ജലീൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് കാട്ടിയാണ് ഭർത്താവ് നോട്ടീസ് അയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അനീഷ്യയ്ക്ക് കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും ഗാർഹിക പീഡനത്തിന് ഇരയായെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ പരാമർശം.

ഈ വർഷം ജനുവരി 21നാണ് അനീഷ്യ വീട്ടിൽ ആത്മഹത്യ ചെയ്തത്. അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന ഡിഡിപി അബ്ദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണൻ എന്നിവർക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഹൈക്കോടതി പ്രതികൾക്ക് മുൻകുർ ജാമ്യം അനുവദിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും അവഹേളനവും പരിഹാസവും താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്നായിരുന്നു കേസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള അനീഷ്യയുടെ ഡയറിക്കുറിപ്പ് പൊലീസിന്ലഭിച്ചിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ഡയറിയിൽ വ്യക്തമാക്കിയിരുന്നത്.

തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളെയും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു, ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചു, ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top