‘മതകോടതിയിൽ’ ഹാജരാകാൻ വൈദീകന് നോട്ടീസ്; ബിഷപ്പിനെ വിമർശിച്ച ഫാ.അജി പുതിയാപറമ്പിലിനെതിരെ കുറ്റവിചാരണ നടപടികൾ തുടങ്ങി

എറണാകുളം: ബിഷപ്പിനെ വിമർശിച്ച വൈദികനെതിരെ ‘മതകോടതി’യിൽ കുറ്റവിചാരണ നടപടികൾ ആരംഭിച്ചു. സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത വൈദികനായ ഫാ. അജി പുതിയാപറമ്പിലിനെതിരെയാണ് ആധുനിക കാലത്തെ ക്രൈസ്തവ സഭകളിൽ കേട്ടുകേഴ്വില്ലാത്ത ‘മതകോടതി’ സ്ഥാപിച്ചിരിക്കുന്നത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു എന്നതാണ് പ്രധാന കുറ്റം. നവംബർ 10 വെള്ളിയാഴ്ച രാവിലെ 10 :30ന് കുറ്റവിചാരണ കോടതിയുടെ മുന്നിൽ ഹാജരാകാൻ അജി പുതിയാപറമ്പിലിന് താമരശേരി രൂപത നോട്ടീസ് നൽകി. കുറ്റവിചരണ കോടതിയുടെ അധ്യക്ഷനും, ദീപിക ദിനപത്രം മാനേജിഗ് ഡയറക്ടറുമായ ഫാ. ജോർജ്ജ് മുണ്ടനാട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫാ. ജോസഫ് പാലക്കാട്ട് തയ്യാറാക്കിയിരിക്കുന്ന ‘കുറ്റപത്രത്തിന്റെ’ അടിസ്ഥാനത്തിലാണ് വിചാരണ. വൈദീകനെ വിചാരണ ചെയ്യാൻ ‘മതകോടതി’ സ്ഥാപിക്കുന്നു എന്ന വാർത്ത കഴിഞ്ഞ മാസം അഞ്ചിന് മാധ്യമ സിൻഡിക്കറ്റാണ് പുറത്തുവിട്ടത്.
നിർദേശിച്ച ദിവസത്തിൽ നേരിട്ട് ഹാജരായില്ലെങ്കിൽ നവംബർ 15 നുള്ളിൽ വൈദീകന് തന്റെ ഭാഗം എഴുതി ബോധിപ്പിക്കാവുന്നതാണ്.’ മതകോടതി’യിൽ വാദിക്കാൻ കാനൻ നിയമ പണ്ഡിതനായ ഒരു വൈദികനെ അഡ്വക്കേറ്റ് ആയി നിയമിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ബിഷപ്പിനെതിരെ കലാപാഹ്വാനം നടത്തി എന്നതിന് പുറമെ, സിറോ മലബാർ സഭാ സിനഡിൻ്റ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു, സ്ഥലം മാറ്റിയ ഇടവകയിൽ ചുമതലയേറ്റിട്ടില്ല തുടങ്ങിയവയാണ് വൈദികനെതിരായ മറ്റ് കുറ്റങ്ങൾ.

കഴിഞ്ഞ സെപ്റ്റംബർ 21നാണ് വൈദികനെ വിചാരണ നടത്താനുളള ‘ട്രിബ്യൂണൽ’ സ്ഥാപിക്കാനുള്ള ഉത്തരവ് രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ പുറത്തിറക്കിയത്. ഫാ. അജി പുതിയാപറമ്പിൽ സഭക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കിയതിൻ്റെ പേരിലാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചത് എന്നാണ് ബിഷപ്പിൻ്റെ ഉത്തരവിൽ പറയുന്നത്.
ഇക്കഴിഞ്ഞ മെയ് 13ന് കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയായിരിക്കുന്ന സമയത്ത് കത്തോലിക്കാ സഭയിലെ കൊള്ളരുതായ്മകൾക്കെതിരെ ഫാ.അജി രംഗത്തെത്തിയിരുന്നു. സഭയ്ക്കുള്ളിലെ അധികാര വടംവലി മുറുകിയതും കർദിനാൾ പോലും കോടതി കയറിയിറങ്ങുന്നതും സഭയിലെ ജീർണതയുടെ തെളിവാണെന്ന് അദ്ദേഹം വിമർശിച്ചു. സഭാ നേതൃത്വത്തിനെതിരെ നടത്തിയ അതിരൂക്ഷമായ വിമർശനത്തിനൊടുവിൽ താൻ ശുശ്രൂഷാദൗത്യം ഉപേക്ഷിക്കുന്നതായും 20 വർഷമായി വൈദികനായി ജോലി ചെയ്യുന്ന ഫാ. അജി പ്രഖ്യാപിച്ചു. ഇത് സഭാ നേതൃത്വത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here