ചാരത്തിൽ നിന്നും വീണ്ടും പണിതുയർത്തി നോട്ടർഡാം കത്തീഡ്രൽ; 900 വർഷം പഴക്കമുള്ള പള്ളി ഉടൻ തുറന്നുകൊടുക്കും

മധ്യകാലഘട്ടത്തിൽ നിർമിച്ച ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ പൊതുജനങ്ങൾക്കായി നാളെ(ഡിസംബർ 8) വീണ്ടും തുറന്നുകൊടുക്കും. ചടങ്ങിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇംഗ്ലണ്ടിലെ വില്യം രാജകുമാരനും പങ്കെടുക്കും. 900 വർഷം പഴക്കമുള്ള, യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്മാരകം അഞ്ച് വർഷം മുമ്പുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു. വിപുലമായ പുനരുദ്ധാരണത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും ശേഷമാണ് വീണ്ടും ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ആയിരക്കണക്കിന് ആർക്കിടെക്റ്റുകളും കരകൗശല വിദഗ്ധരും ചേർന്നാണ് കത്തീഡ്രലിൻ്റെ കേടുപാടുകൾ പരിഹരിച്ചത്.

2019 ഏപ്രിലിലെ തീപിടിത്തത്തില്‍ മേൽക്കൂരയുടെ ഭൂരിഭാഗവും നശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ, ഗോതിക് വാസ്തുവിദ്യയിലെ ഏറ്റവും മികച്ച നിർമിതിക്ക് കാര്യമായ കേടുപാടുകളാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായത്. 15 മണിക്കൂറുകള്‍ എടുത്താണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.

കത്തീഡ്രലിനുള്ളിലെ നിരവധി വിശിഷ്ട വസ്തുക്കൾക്കും മധ്യകാല കലാസൃഷ്ടികൾക്കും അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കത്തീഡ്രലിൻ്റെ മണി ഗോപുരങ്ങളും മുൻഭാഗവും മാത്രം അഗ്നിയെ അതിജീവിച്ചു. തീപിടുത്തം കാരണം 1803 ന് ശേഷം ആദ്യമായി ആ വർഷം കത്തീഡ്രലിൽ ക്രിസ്മസ് കുർബാന നടത്തിയിരുന്നില്ല. പിന്നീട് നാല് വർഷവും അത് മുടങ്ങി. അഞ്ച് വർഷത്തിനകം കത്തീഡ്രൽ പുനസ്ഥാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

കത്തീഡ്രലിൻ്റെ പുറംഭാഗത്തുള്ള പ്രശസ്തമായ ഗാർഗോയിലുകളും ചിമേരകളും ഉൾപ്പെടെയുള്ള ശിൽപങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് സ്കാൻ ചെയ്യുകയും പിന്നീട് ചുണ്ണാമ്പുകല്ലിൽ പുനർനിർമ്മിക്കുകയും ചെയ്യുകയായിരുന്നു. 2,000 ലേറെ കരകൗശല വിദഗ്ധരും ആർക്കിടെക്റ്റുകളും മറ്റ് പ്രൊഫഷണലുകളും നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഭാവിയിൽ തീപിടിത്തമുണ്ടായാൽ തടയാൻ കഴിയുന്ന സംവിധാനവും പുനർനിർമാണ പ്രവർത്തനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 2019ലെ തീപിടുത്തത്തിന് മുമ്പുള്ള ഒരു വർഷത്തിനിടയിൽ ഏകദേശം 12 ദശലക്ഷം ആളുകൾ നോട്ടർഡാം സന്ദർശിച്ചിരുന്നു. സ്മാരകം തുറന്നുകൊടുക്കുന്നതോടെ ആ റെക്കോർഡ് വളരെ വേഗം ഭേദിക്കുമെന്നാണ് റിപ്പോർട്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top