യുപിഐ മാറ്റങ്ങൾ എങ്ങനെ ഗുണം ചെയ്യും; പിൻ നമ്പരും ഒടിപിയും ഒഴിവായാൽ എന്താണ് നേട്ടം?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പണമിടപാടുകൾ നടത്താൻ കഴിയുന്നു എന്നതാണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസിൻ്റെ (യുപിഐ) ഏറ്റവും വലിയ നേട്ടം. പ്രതിദിനം യുപിഐ ഇടപാടുകയുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി തട്ടിപ്പുകളും ഓരോ ദിവസവും കൂടി വരികയാണ്. ഡിജിറ്റല്‍ വാലറ്റ് എന്നൊരു വിശേഷണവും യുപിഐയ്ക്കുണ്ട്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുമായും വിവിധ ആപ്പുകളിലും യുപിഐ ബന്ധിപ്പിക്കാൻ സാധിക്കും. അതിനാൽ ഇവയിലൂടെ നടത്തുന്ന പണമിടപാടുകൾക്ക് അതീവ സുരക്ഷയും ആവശ്യമാണ്.
യുപിഐ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എൻപിസിഐ) വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. നിലവിൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ വേണ്ടി പിൻ നമ്പർ സിസ്റ്റമാണ് പിന്തുടരുന്നത്. നാലക്ക അല്ലെങ്കിൽ ആറക്ക പിൻനമ്പരുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇത് ഒഴിവാക്കി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്റും ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകളാണ് എൻപിസിഐ പരിശോധിക്കുന്നത്.
ഇത്തരം സംവിധാനം നിലവിൽ വന്നാൽ ഇടപാടുകൾക്ക് സുരക്ഷക്കായി ഉപയോഗിക്കുന്ന ടു ഫാക്ടര്‍ ഓതന്റിക്കേഷനും അപ്രസക്തമാകും. മൊബൈലില്‍ യുപിഐ എൻറോൾ ചെയ്യുമ്പോള്‍ ഒടിപി സംവിധാനവും ഉപയോക്താക്കള്‍ നല്‍കേണ്ട യുപിഐ പിന്‍ സിസ്റ്റവുമാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിൽ വരുന്നത്. ഈ വെരിഫിക്കേഷനുകൾ പൂർണമായും സുരക്ഷിതമല്ല എന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം തേടുന്നത്.
പുതിയ മാറ്റം നിലവിൽ വന്നാൽ ഉണ്ടാകുന്ന ഗുണങ്ങൾ
നിലവിൽ പണം അയക്കുന്നതിന് യുപിഐ പിന്‍ വളരെ ആവശ്യമാണ്. ഇത് ഒരു രഹസ്യ കോഡാണ്. ആരു ചോദിച്ചാലും ഈ പിൻ നമ്പർ നൽകരുതെന്നാണ് എൻപിസിഐ നിർദേശം. കാരണം ലഭിക്കുന്നയാളിന് അത് ദുരുപയോഗം ചെയ്യാൻ കഴിയും. ഇത് യുപിഐയുടെ പിന്‍ പേജില്‍ മാത്രമേ ടൈപ്പ് ചെയ്യാന്‍ പാടുള്ളൂ. വേറെ എവിടെയും ഇത് ഉപയോഗിക്കരുത്. ആരുമായും ഇത് പങ്കുവെക്കുന്നില്ലെന്നും നമ്മൾ ഉറപ്പാക്കണമെന്നുമാണ് എൻപിസിഐ പറയുന്നത്.
പിൻ സമ്പ്രദായത്തിൽ മാറ്റം വരുന്നതോടെ മറ്റാർക്കും നമ്മുടെ യുപിഐ ദുരുപയോഗം ചെയ്യാൻ കഴിയില്ല. ഉപയോഗിക്കുന്ന ആളിന് മാത്രം അറിയുന്ന ഏറ്റവും കടുപ്പമേറിയ പിൻകോഡ് പലരും മറന്നു പോകാറുണ്ട്. അതിനാൽ പലർക്കും ഇടക്കിടെ പിൻ നമ്പർ മാറ്റേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഫിംഗര്‍പ്രിന്റും ഫെയ്‌സ് ഐഡിയും വന്നാൽ ആ അവസ്ഥ ഒഴിവാക്കാനാകും. നമുക്ക് നേരിട്ടല്ലാതെ മറ്റാർക്കും നമ്മുടെ യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കാതെ വരും.
നിലവിലെ സവിധാനത്തിൽ പാസ്‌വേഡുകൾ സെറ്റ് ചെയ്യാതെ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകൾ നഷ്ടപ്പെട്ടാലോ ആരെങ്കിലും മോഷ്ടിച്ചാലോ യുപിഐ പിൻ നമ്പർ അറിയാമെങ്കിൽ അതു വഴി പണമിടപാടുകൾ നടത്താൻ കഴിയും. ഈ സ്മാർട്ട് ഫോണിലുള്ള ഫോൺ നമ്പറിലാണ് യുപിഐ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ പ്രകാരം ഒടിപി വഴി പിൻ നമ്പർ മാറ്റാനും കഴിയും. പുതിയ പിൻ നമ്പർ ഉപയോഗിച്ച് പണമിടപാട് നടത്താനും സാധിക്കും. എന്നാൽ പുതിയ മാറ്റത്തോടെ അതും സാധ്യമല്ലാതാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here