‘മുഖ്യമന്ത്രിയുടെ കാല് നക്കാന്‍ പോയതിന് കിട്ടിയ തിരിച്ചടിയാണീ വിവരദോഷി വിളി’; മര്യാദക്ക് ഭരിച്ചാല്‍ സര്‍ക്കാരിന് കൊള്ളാം; മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍

ആവശ്യമില്ലാതെ മുഖ്യമന്ത്രിയുടെ കാല് നക്കാന്‍ പോയതുകൊണ്ടാണ് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് വിവരദോഷി എന്ന വിളി കേള്‍ക്കേണ്ടി വന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വി തിരിച്ചറിഞ്ഞ് മര്യാദക്ക് ഭരിച്ചാല്‍ സര്‍ക്കാരിന് കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യാക്കോബായ ബിഷപ്പിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍ ഭദ്രാസന ബിഷപ്പ് ഏബഹാം മാര്‍ സെറാഫിന്‍ മെത്രാപ്പോലീത്തയും രംഗത്ത് വന്നു. അധികാരത്തിലിരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണം. നേതാക്കള്‍ വിമര്‍ശനങ്ങളോട് അസഹിഷ്ണുക്കളാവരുതെന്നും അദ്ദേഹം പറഞ്ഞു.

ജനം നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് ഗീവര്‍ഗീസ് കൂറിലോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇടതുപക്ഷ അനുഭാവിയായ ബിഷപ്പിന്റെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പുരോഹിതരിലും ‘വിവരദോഷി’കളുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കയാണെന്നും, വ്യക്തിപരമായ അധിക്ഷേപങ്ങളോട് പ്രതികരിക്കാനില്ലെന്നും ബിഷപ്പ് കൂറിലോസും വ്യക്തമാക്കിയിട്ടുണ്ട്.

വിവരദോഷി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗം സ്വന്തം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്നവരുടെ അധികാര ഗര്‍വിന്റെ വിവരമാണെന്ന ഷിബി പീറ്റര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസും തന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വിവരദോഷി എന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഷിബി പീറ്ററിന്റെ ഫേസ്ബുക് പോസ്റ്റാണ് ഗീവര്‍ഗീസ് കൂറിലോസ് പങ്കുവെച്ചത്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നിലപാട് തള്ളി യാക്കോബായ സഭ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മാര്‍ കൂറിലോസിന്റെ പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top