തരൂരിനെതിരെ നീങ്ങിയവര്‍ക്ക് ഒരു മീനച്ചില്‍ പാഠം; ഇടത് അനുകൂലി ചന്ദ്രന്‍ നായര്‍ക്കെതിരായ നടപടി വ്യക്തമായ സന്ദേശം; സമദൂരം അംഗങ്ങളെയും ഓര്‍മിപ്പിച്ച് എന്‍എസ്എസ്

തിരുവനന്തപുരം: കോട്ടയത്ത് ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കിയതിലൂടെ സമദൂരമെന്ന കാഴ്ചപ്പാട് കൂടുതല്‍ ചര്‍ച്ചയാക്കാന്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ ശ്രമം. അതിനിടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്ന നിര്‍ദ്ദേശം താലൂക്ക് യൂണിയനുകള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നല്‍കി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ എന്‍എസ്എസ് നിലപാട് ബിജെപിക്ക് അനുകൂലമാക്കാന്‍ ചില നീക്കങ്ങള്‍ സജീവമായിരുന്നു. ഇത് മനസ്സിലാക്കിയാണ് സുകുമാരന്‍ നായരുടെ ഇടപെടല്‍. ഒരു പാര്‍ട്ടിക്കും അനുകൂലമായ നിലപാട് പരസ്യമായോ പരോക്ഷമായോ എടുക്കേണ്ടതില്ലെന്ന സന്ദേശം തിരുവനന്തപുരത്തെ യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയ സുകുമാരന്‍ നായര്‍, പെരുന്നയുമായി ശശി തരൂരിനുള്ള നല്ല ബന്ധവും ഓര്‍മ്മപ്പെടുത്തിയെന്നാണ് സൂചന.

എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും തിരുവനന്തപുരം – നെയ്യാറ്റിന്‍കര താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം കിട്ടിയ ശേഷമാണ് ഈ മേഖലയിലെ നേതാക്കളെ ശശി തരൂര്‍ സന്ദര്‍ശിച്ചത്. തിരുവനന്തപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സംഗീത് കുമാറുമായും തരൂര്‍ സംസാരിച്ചു. സുകുമാരന്‍ നായരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്. അതിന് ശേഷം നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ ഓഫീസിലും തരൂര്‍ എത്തി. തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ഉറപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ചടുലമായ നീക്കം നടത്തുന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ചില ഇടപെടലുകള്‍ തരൂര്‍ നടത്തിയത്. സമുദായ അംഗങ്ങളുടെ വോട്ട് തരൂരിന് എതിരാക്കുന്നതൊന്നും എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതൃത്വങ്ങളുടെ ഭാഗത്തുണ്ടാകില്ല. ഇക്കാര്യം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനത്തേയും എന്‍എസ്എസ് നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്.

ത്രികോണ മത്സരമാണ് തിരുവനന്തപുരത്തേത്. ഈ സാഹചര്യത്തില്‍ എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമാണ്. നേരത്തെ പെരുന്നയില്‍ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ തരൂരിനെ ക്ഷണിച്ച് ചില സന്ദേശങ്ങള്‍ എന്‍എസ്എസ് നേതൃത്വം നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ എന്‍എസ്എസുമായി നിലവില്‍ ഏറ്റവും അടുപ്പമുള്ളതും തരൂരിനാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായ വോട്ടു പിടിത്തം തിരുവനന്തപുരത്തുണ്ടാകരുതെന്ന നിര്‍ദ്ദേശം താഴെ തട്ടിലുള്ളവര്‍ക്ക് പെരുന്നയില്‍ നിന്നും കൈമാറുന്നത്.

നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുന്നയില്‍ എത്തി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതാക്കളേയും കണ്ടു. ഇതിന് പിന്നാലെ എന്‍എസ്എസ് പിന്തുണ രാജീവിനാണെന്ന തരത്തില്‍ പ്രചരണം ശക്തമായി. ഈ സാഹചര്യത്തിലാണ് തരൂരും കരുതലുകള്‍ എടുക്കുന്നത്. അതിനിടെ എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷപദവിയില്‍ നിന്ന് സി.പി.ചന്ദ്രന്‍ നായരെ നീക്കുകയും പിന്നാലെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കുകയും ചെയ്യുമ്പോള്‍ അതിന് പിന്നില്‍ യുഡിഎഫ് അനുകൂല മനസ്സാണ് പെരുന്ന നേതൃത്വം മുമ്പോട്ട് വയ്ക്കുന്നതെന്ന ചര്‍ച്ച കോണ്‍ഗ്രസിനുള്ളിലും സജീവമാണ്.

കഴിഞ്ഞ ദിവസം ഇടതുമുന്നണിക്കു വേണ്ടി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ചതാണ് പെട്ടെന്നുള്ള പുറത്താക്കലില്‍ കലാശിച്ചത്. ചന്ദ്രന്‍ നായരെ നീക്കി താലൂക്ക് കമ്മിറ്റിയിലെ ബാക്കിയുള്ളവരെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റി രൂപീകരിച്ച് ചുമതല കൈമാറിയിരിക്കയാണ്. വര്‍ഷങ്ങളോളം സിപിഐയുടെ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്നപ്പോഴും എന്‍എസ്എസ് താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷ പദം അലങ്കരിച്ചപ്പോഴും ചന്ദ്രന്‍ നായര്‍ക്ക് കെ.എം.മാണിയോടും കേരള കോണ്‍ഗ്രസിനോടും മാത്രമായിരുന്നു കൂറുണ്ടായിരുന്നത്. എന്നിട്ടും ചന്ദ്രന്‍ നായരെ പുറത്താക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ സന്ദേശമുണ്ടെന്ന് തന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top