എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെതിരെ നടപടി; 13 അംഗ ഭരണസമിതിയും പിരിച്ചുവിട്ടു, പുറത്താക്കിയതല്ല രാജിവച്ചതെന്ന് ചന്ദ്രന്‍ നായര്‍
കോട്ടയം: എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത എൻഎസ്എസ് മീനച്ചൽ താലൂക്ക് യൂണിയൻ പ്രസിഡന്റിനെ പുറത്താക്കി. സി.പി ചന്ദ്രൻ നായർക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.
ചന്ദ്രന്‍ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജിയാണ് നേതൃത്വം ആവശ്യപ്പെട്ടത്. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ യോഗത്തിലാണ് എൻഎസ്എസ് ഭാരവാഹി പങ്കെടുത്തത്. ഇത് സംഘടനയുടെ സമദൂരം എന്ന സിദ്ധാന്തത്തിന് വിരുദ്ധമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ തന്നെ ആരും പുറത്താക്കിയതല്ല സ്വയം രാജിവച്ചതാണെന്ന് ചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസമിതി രാജിവച്ചതിന്റെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റ് ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് താലൂക്ക് യൂണിയന്റെ ഭരണ ചുമതല നല്‍കി. പാലാ നഗരസഭയിലെ മുൻ കൗൺസിലർ കൂടിയാണ് ചന്ദ്രൻ നായർ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here