കേരളത്തില്‍ ആണവനിലയം വന്നേക്കും; ബാര്‍ക്കുമായി വൈദ്യുതി ബോര്‍ഡിന്റെ ചര്‍ച്ച

തിരുവനന്തപുരം: കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നില്ലെങ്കില്‍ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി കേരളം ചര്‍ച്ച നടത്തുന്നത് എന്തിനാണ്? ഊര്‍ജ്ജവകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലും സംഘവും ബാര്‍ക്കുമായി ഇന്ന് ചര്‍ച്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്. തോറിയം ഇന്ധനമാക്കിയുള്ള ആണവ വൈദ്യുതി നിലയം കേരളത്തില്‍ സ്ഥാപിക്കുന്നതിനായാണ് കേരളം കേന്ദ്ര ഊര്‍ജ്ജവകുപ്പിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നത്. ആ പ്രൊപ്പോസലിന്റെ ഭാഗമായുള്ള ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.
ജ്യോതിലാലിന് പുറമേ, കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ, അനർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരി, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ.ഹരികുമാർ എന്നിവരാണ് ചര്‍ച്ചക്കുള്ള സംഘത്തിലുള്ളത്. കേരളത്തിൽ നടപ്പാക്കുന്ന ‘ഹൈഡ്രജൻ വാല്യൂ ചെയിൻ’പദ്ധതിയിൽ തോറിയം ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനംകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ച.
“ഏറ്റവും വില കുറഞ്ഞ് കിട്ടുന്നതാണ് തോറിയം ഉപയോഗിച്ചുള്ള വൈദ്യുതി. എന്നാല്‍ പെട്ടെന്ന് തീരുമാനമൊന്നുമാകില്ല. പദ്ധതിയെക്കുറിച്ച് പഠിക്കാനാണ് സംഘം പോയത്”-മന്ത്രി കെ.കൃഷ്ണന്‍കുട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 200 വര്‍ഷത്തേക്ക് ഇന്ത്യക്ക് മുഴുവന്‍ വൈദ്യുതി ഉപയോഗിക്കാനുള്ള തോറിയം കേരളത്തിന്റെ കൈവശമുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ചിലവ് വളരെ കുറവാണ്. ഇത് ഗ്രീന്‍ എനര്‍ജികൂടിയാണ്-പദ്ധതിയെ പിന്തുണച്ച് മന്ത്രി പറയുന്നു.
കേരളത്തില്‍ ആണവവൈദ്യുതിനിലയം സ്ഥാപിക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് ആവശ്യപ്പെട്ട് സിപിഎം നയിക്കുന്ന ഇടത് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി എന്ന വാര്‍ത്ത ആദ്യം നല്‍കിയത് മാധ്യമ സിന്‍ഡിക്കറ്റായിരുന്നു. ആണവനിലയത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത സിപിഎമ്മിന് സംഭവിച്ച നയം മാറ്റമാണ് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേരളത്തില്‍ പ്ലാന്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് എവിടെയെങ്കിലും നിലയം സ്ഥാപിച്ചാൽ കേരളം ഇന്ധനം നൽകുമെന്നുമാണ് ഉദ്ദേശിച്ചതെന്നാണ് മാധ്യമ സിന്‍ഡിക്കറ്റിനോട് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞത്. മറ്റെവിടെയെങ്കിലുമുള്ള പ്ലാന്റിനാണ് തോറിയം നല്‍കുന്നതെങ്കില്‍ ഈ രീതിയില്‍ പെട്ടെന്നുള്ള ചര്‍ച്ച എന്തിന് എന്ന ചോദ്യത്തിന് ഉത്തരവുമില്ല.
കഴിഞ്ഞ നവംബര്‍ ഒന്‍പതിനാണ് കെ.കൃഷ്ണൻകുട്ടി ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആർ.കെ.സിംഗിന് നല്‍കിയത്. കൃത്യം ഒരു മാസം തികഞ്ഞപ്പോള്‍ തന്നെ കേന്ദ്രം കേരളത്തെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നു. തോറിയം ഉപയോഗിച്ച് കല്‍പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്ന കാര്യം കത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. കേരളം പോലുള്ള സ്ഥലത്ത് തോറിയത്തിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ട് ചിലവ് കുറഞ്ഞ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുമെന്നാണ് കത്തില്‍ മന്ത്രി ചൂണ്ടിക്കാണിച്ചത്.
കായംകുളത്തെ എൻടിപിസിയുടെ സ്ഥലമാണ് ആണവ വൈദ്യുതി നിലയത്തിനായി കേരളം കണ്ടുവെച്ചിരിക്കുന്നത്. ധൃതിപിടിച്ചുള്ള ചര്‍ച്ചകളിലൂടെ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ തന്നെയാണ് ഉരുത്തിരിഞ്ഞുവരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here