ഫ്ളാറ്റ് നിർമാതാക്കൾക്ക് 47 ലക്ഷം പിഴയടിച്ച് ഉപഭോക്തൃ കോടതി; കൊച്ചിയിലെ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടിസിൻ്റെ നടപടി അധാർമികം; 30 ദിവസത്തിനകം തുക നൽകാൻ ഉത്തരവ്
കൊച്ചി: ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് ഫ്ലാറ്റ് നിര്‍മാണ രംഗത്താണ്. വിവിധ നിര്‍മാണ കമ്പനികള്‍ക്ക് പണം നല്‍കിയ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. ഈ ഘട്ടത്തില്‍ ശ്രദ്ധേയമായ വിധിയാണ് ഉപഭോക്തൃകോടതിയില്‍ നിന്നും വന്നത്. ഫ്ലാറ്റ് സമയത്തിന് നിര്‍മ്മിച്ച് നല്‍കാതെ കബളിപ്പിച്ചതിന് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടിസിനെതിരെയാണ് ഉപഭോക്തൃ കോടതി വിധി വന്നത്.
കാക്കനാട് സ്വദേശിയും അഭിഭാഷകനുമായ എ.രാധാകൃഷ്ണൻ നായർ , ഭാര്യ പി.സുവർണ്ണകുമാരി എന്നിവർ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ദമ്പതികൾക്ക് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഡി. ബി.ബിനു അധ്യക്ഷനായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. ഫ്ലാറ്റിനായി നൽകിയ തുക പരാതിക്കാർക്ക് തിരിച്ചു നൽകണമെന്ന് എതിർകക്ഷികൾക്ക് കമ്മീഷൻ നിർദേശം നൽകി. കൂടാതെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തിഅയ്യായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാർക്ക് നല്‍കണം. മുതലും പലിശയും ചേര്‍ത്ത് 47.5 ലക്ഷം രൂപയാണ് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടിസ് നല്‍കേണ്ടത്.
‘ന്യൂക്ലിയസ് ലൈവ് ലൈഫ് അപ്പാർട്ട്മെൻറ് പ്രോജക്ട് ‘ ആരംഭിക്കുമ്പോള്‍ 2018 നവംബറിൽ പൂർത്തിയാക്കി ഫ്ലാറ്റ് കൈമാറും എന്നാണ് നിര്‍മാണ കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി 42,25,099 രൂപ പരാതിക്കാർ എതിർകക്ഷികൾക്ക് നൽകുകയും ചെയ്തു. പ്രോജക്ട് ഉടൻ പൂർത്തിയാക്കി ഫ്ലാറ്റ് നൽകുമെന്ന് പലതവണ എതിർകക്ഷികൾ വാഗ്ദാനം ചെയ്തുവെങ്കിലും നടപ്പിലായില്ല. തുടർന്ന് പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചത്.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷൻ പ്രോജക്ട് സന്ദർശിക്കുകയും ഏഴുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി വന്നത്. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജോർജ് ചെറിയാൻ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here