ആനകളില്ലാത്ത ഉത്സവ കാലത്തിലേക്ക് കേരളം; കഴിഞ്ഞ വര്‍ഷം മാത്രം ചരിഞ്ഞത് 20 നാട്ടാനകള്‍

തിരുവനന്തപുരം: എഴുപ്പള്ളിപ്പിന് ആനകളെ കിട്ടാത്ത സാഹചര്യത്തിലേക്ക് കേരളം ഉടനെത്തുമെന്ന ആശങ്കയിൽ ആനപ്രേമികൾ. പ്രായാധിക്യം കണക്കിലെടുത്താൽ അടുത്ത പത്തോ പതിനഞ്ചോ വർഷത്തിനപ്പുറം നാട്ടാനകൾക്ക് ഒന്നിനും ആയുസ് ഉണ്ടാകില്ല. 2003ൽ 1000 നാട്ടാനകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 410 എണ്ണമാണ് ബാക്കിയുള്ളതെന്ന് ആന ഉടമ സംഘം (കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ) സംസ്ഥാന സെക്രട്ടറി പി.എസ്.രവീന്ദ്രനാഥ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബറിൽ ചെങ്ങന്നൂരില്‍വച്ച് വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന കൊമ്പൻ ചരിഞ്ഞതോടെ കേരളത്തിലെ നാട്ടാനകളുടെ എണ്ണം 399 ആയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ൽ മാത്രം 20 നാട്ടാനകളാണ് ചരിഞ്ഞത്. മെരുക്കാൻ ക്രൂരമായ പീഡനങ്ങൾ വേണ്ടിവരുമെന്നതിനാൽ ആനയെ കെണിയിൽപ്പെടുത്തി പിടികൂടുന്നത് കേരളത്തിൽ 1970കളിൽ നിർത്തിയതാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനയെ കൊണ്ടുവരുന്നത് 2003ൽ നിരോധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിൽ പുതിയ ആനകൾ വരുന്നത് നിലച്ചു. ‘ഇപ്പോള്‍ സംസ്ഥാനത്തുള്ള എല്ലാ നാട്ടാനകൾക്കും 60 വയസിനു മുകളിൽ പ്രായമുണ്ട്. പ്രായം കൂടുന്നത്തിന്റെ അസുഖങ്ങൾ ആനകളിൽ ഉണ്ടാകും. ശരിയായ ചികിത്സാ സംവിധാനവുമില്ല. ആനയുടെ അസുഖം കൃത്യമായി കണ്ടുപിടിക്കാനുള്ള സ്കാനിംഗ്, എക്സ് – റേ മുതലായ സംവിധാനങ്ങൾ കേരളത്തിൽ ഇല്ലാത്തതുകൊണ്ട് മരണ നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ ഉത്സവകാലം ആരോഗ്യമുള്ള ആനകൾക്ക് കഷ്ടകാലമാണ്’- രവീന്ദ്രനാഥ് പറഞ്ഞു.

ഡിസംബർ മുതൽ മെയ് വരെയാണ് കേരളത്തിൽ ഉത്സവകാലം. പതിനായിരത്തോളം എഴുന്നള്ളിപ്പുകൾ ഇക്കാലയളവിൽ നടക്കുന്നുണ്ട്. ഇതിനുംപുറമേ സ്വകാര്യ ചടങ്ങുകള്‍ക്കും ആനയെ കൊണ്ടുവരുന്ന പതിവുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇതേ കാലഘട്ടത്തിലാണ് മിക്ക ആനകളിലും മദപ്പാടുണ്ടാകുന്നത്. മദപ്പാട് ഇല്ലാതാക്കാൻ മരുന്നുകൾ നൽകുന്നുണ്ടെന്നും ഇത് ആനയുടെ ആരോഗ്യത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോഴുള്ള ആനകളിൽ 95 ശതമാനം കൊമ്പന്മാരാണ്. അഞ്ച് ശതമാനം മാത്രമാണ് പിടിയാനകൾ. അതുകൊണ്ട് തന്നെ ഇണചേരലിനും സാധ്യതകൾ കുറവാണ്.

നാട്ടാനകൾ കുറയുന്നത് കൊണ്ടുതന്നെ പലയിടത്തും ഇപ്പോൾ മരത്തടിയിൽ ഉണ്ടാക്കിയ ആനയെ എഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം ബദൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നാട്ടാനയുടെ മരണനിരക്ക് കുറയ്ക്കാനും ആരോഗ്യനില മെച്ചപ്പെടാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ശിവകാശി കൃഷ്ണൻ തുടങ്ങിയ വയസായതും ആരോഗ്യനില മോശമായതുമായ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നുണ്ടെന്ന് കെ.എസ്.സുധി ‘ദി ഹിന്ദു’ ദിനപത്രത്തിൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളും, മതസാമുദായിക സംഘടനകളും, സർക്കാരുമുൾപ്പെടെ സാമ്പത്തിക ലാഭത്തിനായി നാട്ടാനകളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കർണാടകയിലെ മൃഗസംരക്ഷണ പ്രവർത്തക സുപർണ ബക്ഷി ഗാംഗുലി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top