തിരക്കുമൂലമുള്ള അപകടം; അയ്യപ്പഭക്തര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. ഈ മണ്ഡലകാലത്ത് നടതുറന്നതിന് ശേഷമുണ്ടായ ഏറ്റവും വലിയ തിരക്കാണ് വെള്ളി, ശനി ദിവസങ്ങളിൽ അനുഭവപ്പെട്ടത്. നിലവിൽ ഒരു മിനുട്ടിൽ 60-65 ഭക്തരെ വീതം പതിനെട്ടാം പടി കയറാൻ അനുവദിച്ചാണ് നിലവില്‍ പോലീസ് തിരക്ക് നിയന്ത്രിക്കുന്നത്. 75000-ന് മുകളിൽ തീർത്ഥാടകരാണ് ശനിയാഴ്ച സന്നിധാനത്തെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പതിനായിരങ്ങളാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്.
വെർച്ച്വൽ ക്യൂ വഴി തീർഥാടനത്തിന് ബുക്ക് ചെയ്യുന്നവർ അവരവർക്ക് അനുവദിക്കുന്ന സമയത്ത് എത്തിയാൽ ഒന്നര മണിക്കൂറിനകം ദർശനം പൂർത്തിയാക്കാനാകുമെന്ന് പോലീസ് അറിയിച്ചു. 55,803 തീർഥാടകരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. നാളെ 63,177 പേരും ബുക്ക് ചെയ്തിട്ടുണ്ട്.
പരമ്പരാഗത കാനനപാതകളായ കരിമല, പുല്ലുമേട് വഴിയും വലിയ ഭക്തജന തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ശനിയാഴ്ച വൈകീട്ട് അപ്രതീക്ഷിതമായി പെയ്തകനത്ത മഴ തീർഥാടകർക്ക് ചെറിയ രീതിയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
സുരക്ഷിതമായ തീർഥാടനത്തിന് പാലിക്കേണ്ട നിർദേശങ്ങൾ
തിരക്കുമൂലമുള്ള അപകടം
- അനാവശ്യ തിരക്ക് ഉണ്ടാക്കാതിരിക്കുക.
- ദർശനത്തിനുള്ള ക്യുവി കൂടെ സാവധാനത്തിൽ നീങ്ങുക.
- ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുക.
- ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.
- മകരവിളക്ക് ദർശനത്തിനായി എത്തുന്നവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.
- ഉയർന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക
ജലാശയ അപകടം
- പമ്പയിൽ കുളിക്കാനിറങ്ങുന്ന തീർഥാടകർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
- അപകട സാധ്യമേഖല എന്ന അടയാളപെടുത്തിയ സ്ഥലങ്ങളിൽ ഇറങ്ങാതെയിരിക്കുക.
- ദർശനത്തിന് എത്തുമ്പോഴും തിരികെ പോകുമ്പോഴും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാതിരിക്കുക.
- അപകടം ശ്രദ്ധയിൽ പെട്ടാൽ 101 നമ്പറിലോ അടുത്തുള്ള ഫയർ പോയിന്റിന്റെ വിവരമറിയിക്കുക.
തീ പിടുത്ത അപകടം
- തീർഥാടകർ ഒരു കാരണവശാലും സംരക്ഷണ വന മേഖലയിലേക്ക് പ്രവേശിക്കരുത്.
- കാടിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യരുത്.
- തീർഥാടകർ പടക്കങ്ങൾ കയ്യിൽകരുത്തുവാനോ പൊട്ടിക്കുവാനോ പാടില്ല.
- എൽപിജി സിലിണ്ടർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള സിലിണ്ടർ മാത്രം സ്ഥാപനത്തിൽ സൂക്ഷിക്കുക.
- കരുതൽ സിലണ്ടറുകൾ ഗോഡൗണിൽ സൂക്ഷിക്കുക.
- എൽപിജി സിലിണ്ടറുകൾ ചൂട് തട്ടാതെയും പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവയിൽ നിന്നും അകലത്തിലും സൂക്ഷിക്കുക.
- കച്ചവട സ്ഥാപനങ്ങൾ പ്രാഥമിക അഗ്നി ശമന ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷിക്കുക.
- വനത്തിനു സമീപം ഉള്ള കച്ചവടക്കാർ കടയ്ക്ക് ചുറ്റും ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
എമർജൻസി നമ്പറുകൾ
- സന്നിധാനം കണ്ട്രോൾ റൂം :04735 202033
- പമ്പ കണ്ട്രോൾ റൂം :04735 203333
- അഗ്നി രക്ഷാനിലയം സീതത്തോട് :04735 258101
- അഗ്നി രക്ഷാനിലയം പത്തനംതിട്ട :04682 222001
- അഗ്നി രക്ഷാനിലയം റാന്നി :04735 224101
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here