നഴ്സ് അനിതയ്ക്ക് ഡ്യൂട്ടിയില്‍ വീഴ്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി; വീണ ജോര്‍ജ് സ്ത്രീകള്‍ക്ക് അപമാനമെന്ന് വിഡി സതീശന്‍; അതിജീവിതയും സമരത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിന് മുന്‍പില്‍ സമരം ചെയ്യുന്ന നഴ്സിംഗ് ഓഫീസര്‍ പിബി അനിതയ്ക്ക് ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണച്ചതിന് നടപടി നേരിട്ട അനിതയെ കുറ്റപ്പെടുത്തിയാണ് വീണ ജോര്‍ജിന്‍റെ പ്രസ്താവന. അനിതയ്ക്ക് മേല്‍നോട്ടത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് അനിതയെ തിരികെ ജോലിയില്‍ എടുക്കാത്തതും. വിഷയം കോടതിയെ ബോധിപ്പിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കൊണ്ട് അനിത രംഗത്തെത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ (ഡിഎംഇ) റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും സര്‍ക്കാര്‍ പക പോക്കുകയാണെന്നും അനിത പ്രതികരിച്ചു. താന്‍ അതിജീവിതയെ സംരക്ഷിക്കുകയാണ് ചെയ്തത്. എന്നാല്‍ അതിനു മുന്‍കൈ എടുക്കാത്ത പ്രതികളുടെ കുറ്റം തന്‍റെ മേല്‍ ചുമത്തുകയാണെന്നും അനിത പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്‍പില്‍ സമരം ചെയ്യുകയാണ് അനിത. അനിതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് അതിജീവിതയും സമരപന്തലില്‍ എത്തി.

അതേസമയം അനിതയ്ക്കെതിരെ പ്രസ്താവന നടത്തിയ വീണ ജോര്‍ജ് സ്ത്രീകള്‍ക്ക് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് അനിതയെ നിരന്തരം വേട്ടയാടുന്നത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് പകരം അതിനെതിരെ അപ്പീല്‍ പോകാന്‍ ഈ നാണംകെട്ട സര്‍ക്കാരിന് മാത്രമേ കഴിയു. ഐസിയുവില്‍ സര്‍ജറി കഴിഞ്ഞുകിടന്ന സ്ത്രീയെ പീഡിപ്പിച്ച ആളുടെ കൂടെയാണോ സര്‍ക്കാരും ആരോഗ്യമന്ത്രിയുമെന്നും വിഡി സതീശന്‍ ചോദിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് അറ്റന്‍ഡറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടത്. മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയതിന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

ഡിഎംഇയുടെ ഉത്തരവ് ലഭിക്കാതെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കോടതിയലക്ഷ്യത്തിന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അനിത അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top