അമ്മുവിന്റെ മരണത്തില്‍ അറസ്റ്റിലായ സഹപാഠികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും
പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അമ്മു സജീവന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്നുപേരേയും വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യവും മൊബൈല്‍ പരിശോധനകളില്‍ ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതും ആലോചിക്കുന്നുണ്ട്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ഉണ്ടായതായും കുടുംബം ആരോപിച്ചു. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെട്ടില്ല. അമ്മുവിന് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here