കേരളീയത്തില്‍ പങ്കെടുത്ത് ഒ.രാജഗോപാലും, മുതിര്‍ന്ന ബിജെപി നേതാവ് എത്തിയത് സമാപന സമ്മേളനത്തില്‍

തിരുവനന്തപുരം : സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രി വി.മുരളീധരനും ധൂര്‍ത്ത് എന്ന് ആരോപിക്കുന്ന കേരളീയം പരിപാടിയില്‍ പങ്കെടുത്ത് ബിജെപി മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍. കേരളീയത്തിന്റെ സമാപന സമ്മേളനത്തിലാണ് ഒ.രാജഗോപാല്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തിനിടയില്‍ തന്നെ രാജഗോപാലിനെ പ്രത്യേകം സ്വാഗതം ചെയ്തു. സദസില്‍ രമാചന്ദ്രന്‍ കടന്നപ്പളളിക്കൊപ്പമിരുന്ന് മുഖ്യമന്ത്രിയുടെ സമാപന പ്രസംഗമടക്കം രാജഗോപാല്‍ കേട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇരിപ്പിടത്തിന് അടുത്തെത്തി രാജഗോപാലിന് ഹസ്തദാനം ചെയ്തു.
കേരളീയത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇന്നും ഉന്നയിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ ധൂര്‍ത്താണ് നടന്നിരിക്കുന്നതെന്നും ഇതിനായി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കരാറുകാരില്‍ നിന്നും ക്വാറിക്കാരില്‍ നിന്നുമൊക്കെ ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടി നേതാക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്താനുളള വഴികളാണ് തേടുന്നത്. വലിയ ധൂര്‍ത്തും കൊള്ളയുമാണ് ഈ വറുതിയുടെ കാലത്ത് നടത്തുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ഈ പരിപാടിയിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് തന്നെയെത്തിയിരിക്കുന്നത്.
കേരളീയം പരിപാടിയില്‍ സംസ്ഥാനത്തേയൊ കേന്ദ്രത്തിലേയൊ ബിജെപി നേതാക്കളോ കേന്ദ്രമന്ത്രിമാരോ പങ്കെടുത്തിരുന്നില്ല. ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ധൂര്‍ത്ത് എന്ന നിലയ്ക്ക് വിമര്‍ശനം ഉന്നയിച്ച് മാറി നില്‍ക്കാനായിരുന്നു ബിജെപി ധാരണ. ഇത് ലംഘിച്ചാണ് രാജഗോപാല്‍ സമാപന ചടങ്ങിനെത്തിയത്. കേരളീയം ധൂര്‍ത്താണെന്നാരോപിച്ച് യുഡിഎഫ് പരിപാടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയത്തില്‍ പങ്കെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here