ചീയേഴ്സ്….മദ്യക്കമ്പനിക്കുവേണ്ടി ഉത്തരവിറക്കാന്‍ സര്‍ക്കാരിന് എന്തൊരു സ്പീഡ്; ഒയാസിസ് ഗ്രൂപ്പിനെ വാഴ്ത്തിപ്പാടി നികുതി വകുപ്പ് സെക്രട്ടറി
മദ്യക്കമ്പിനിക്കുവേണ്ടി സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് റോക്കറ്റ് വേഗത്തില്‍. സാധാരണയായി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ചട്ടം. എന്നാല്‍ മദ്യ ഉത്പാദകരായ ഒയാസിസ് കമ്പിനിക്കുവേണ്ടി 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് കാര്യക്ഷമത വെളിവാക്കി. ഈ സ്പീഡൊന്നും ഉരുള്‍പൊട്ടല്‍ നടന്ന വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തിലൊന്നും കാണുന്നുമില്ല. വയനാടിനായി ജനുവരി ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്മേലുള്ള ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസം15നാണ്.
കഞ്ചിക്കോട് സ്ഥാപിക്കാനുദ്ദേശിക്കുന്ന മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലുടനീളം വിവാദ കമ്പിനിയെ ആവോളം വാഴ്ത്തിപാടുകയാണ്. ഡല്‍ഹിയിലും പഞ്ചാബിലും അഴിമതിക്കും കള്ളപ്പണ ഇടപാടിനും, ജലചൂഷണത്തിനും പ്രോസിക്യൂഷന്‍ നടപടി നേരിടുന്ന കമ്പനി കേരളത്തില്‍ പാലും തേനും ഒഴുക്കും എന്നമട്ടിലാണ് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കഞ്ചിക്കോട് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ അനുമതി നല്‍കിയത്. 600 കോടി രൂപ മുതല്‍ മുടക്കി മദ്യ നിര്‍മ്മാണ കമ്പനി വരുന്നത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുമെന്നും, പദ്ധതിക്കാവശ്യമായ വെള്ളം കിട്ടാന്‍ വാട്ടര്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് ഡോ. ജയതിലക് ഐഎഎസിന്റെ ഉത്തരവില്‍ പറയുന്നത്. കമ്പനി മഴവെള്ള സംഭരണ പദ്ധതി നടപ്പാക്കുമെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. പഞ്ചാബില്‍ ഫിറോസ്പൂര്‍ ജില്ലയിലെ സിറ ഗ്രാമത്തിലെ ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയതിന്റെ പേരില്‍ ഫാക്ടറി പൂട്ടിക്കുകയും ശിക്ഷാ നടപടികള്‍ നേരിടുകയും ചെയ്ത കമ്പനിയെയാണ് വെള്ളപൂശി ഉത്തരവിറക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനിയാണെന്നും ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി വിജയകരമായി ഇത്തരം പദ്ധതികള്‍ നടത്തി വിജയിപ്പിച്ച കമ്പനിയാണെന്നും ഉത്തരവില്‍ പുകഴ്ത്തുന്നുണ്ട്. പാലക്കാട് ഈ സ്ഥാപനം വന്നാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകുമെന്നും ഉത്തരവില്‍ വിവരിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here