‘കുക്കി അക്രമികളെ സഹായിച്ചു’; മണിപ്പുരിൽ അസം റൈഫിൾസിനെതിരെ കേസ്
കേന്ദ്ര അർദ്ധസേനയായ അസം റെെഫിള്‍സിനെതിരെ കേസെടുത്ത് മണിപ്പൂർ പൊലീസ്. മെയ്തേയ് വിഭാഗത്തില്‍പ്പെട്ട മൂന്നുപേരെ കൊലപ്പെടുത്തിയ കുക്കി അക്രമികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനുള്ള ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഫൗഗക്‌ചാവോ ഇഖായ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 5 ശനിയാഴ്ച പുലർച്ചെ ബിഷ്ണുപുരിലെ ക്വാക്തയിൽ അച്ഛനും മകനും ഉൾപ്പെടെ ഉറങ്ങിക്കിടന്ന മൂന്ന് മെയ്തേയ് വിഭാഗക്കാരെ കുക്കി അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ഈ അക്രമികളെ തേടി മണിപ്പുർ പൊലീസും കമാൻഡോകളും അടങ്ങുന്ന സംഘം തൊട്ടടുത്ത ഗ്രാമത്തിലേക്കു നീങ്ങുമ്പോൾ കുതുബ് വാലി പള്ളിക്ക് സമീപം വാഹനം കുറുകെയിട്ട് അസം റൈഫിൾസ് (ബറ്റാലിയന്‍ 9) ഈ നീക്കം തടഞ്ഞുവെന്നാണ് കേസ്.
മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ക്കിടയിലെ പോരാട്ടം കടുത്തതിനെതുടർന്ന് ബഫർ സോണായ ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിലെ മൊയ്രാങ് ലംകൈ ചെക്ക്പോസ്റ്റ് അടക്കമുള്ള മേഖലകളില്‍ അസം റൈഫിൾസിനെ താൽക്കാലികമായി വിന്യസിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം, മേഖലയിലെ അസം റൈഫിൾസിനെ പിന്‍വലിച്ച് പകരം സിആർപിഎഫിനെ നിയോഗിച്ചു. ഇതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here