ഒക്ടോബര്‍ 7 ഇസ്രയേലിന്റെ ഊഴമോ; ഇറാന് ഉള്‍പ്പെടെ ആശങ്ക; പശ്ചിമേഷ്യ പിന്നിട്ടത് യുദ്ധത്തിന്റെയും മരണത്തിന്റെയും ഒരു വര്‍ഷം
ഒക്ടോബര്‍ ഏഴിനുള്ള ഇസ്രയേല്‍ നീക്കത്തെ ചൊല്ലി അറബ് രാജ്യങ്ങളില്‍ ആശങ്ക. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടങ്ങി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. പശ്ചിമേഷ്യ പിന്നിട്ടത് യുദ്ധത്തിന്റെയും മരണത്തിന്റെയും ഒരു വർഷമാണ്. മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ ഇസ്രയേലും ഇറാന്‍-ഹമാസ്-ഹിസ്ബുള്ള കൂട്ടുകെട്ടും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്.
നാളെ ഇറാന് ഇസ്രയേല്‍ മറുപടി നല്‍കുമോ എന്നുള്ള ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ വലിയ തെറ്റ് ചെയ്തു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ശരിയായ സമയത്ത് ആക്രമണം നടത്തും എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മിസൈല്‍ ആക്രമണത്തിന് നേര്‍ക്ക് കനത്ത നിശബ്ദത തുടരുകയും ചെയ്തു. തിരിച്ചടിക്കായി ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് ഇസ്രയേല്‍ ലക്ഷ്യമിടുന്നു എന്ന സൂചനയും ശക്തമാണ്. ഈ നിശബ്ദത ഇസ്രയേല്‍ ഭഞ്ജിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും പ്രതികരിച്ചിട്ടുണ്ട്.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട് പലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധിപേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ലബനനില്‍ ഇന്നലെ ഭീകരരാത്രി ആയിരുന്നു. 30ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. കരയുദ്ധത്തില്‍ 440ഓളം ഹിസ്ബുള്ള പോരാളികളെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് തുടരെ വ്യോമാക്രമണങ്ങളും നടത്തിയത്. ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് വെടിനിർത്തൽ പുനസ്ഥാപിക്കാൻ ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്താൻ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഗാസയില്‍ യുദ്ധം ആരംഭിച്ച് ഇതുവരെയായി 41,870 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 97,000 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 30 മുതൽ സെപ്റ്റംബർ 4 വരെ മാത്രം 187 പേർ കൊല്ലപ്പെട്ടതായി യുഎൻ അധികൃതരും വ്യക്തമാക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here