‘ഒടുവിലിനെ തല്ലിയ’ രഞ്ജിത്തിനെ വെള്ളപൂശിയ പത്മകുമാറിന് എതിരെയും ആലപ്പി അഷ്റഫ്; വെളിപ്പെടുത്തലിൽ വിവാദം തുടരുന്നു
ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെ ചൊല്ലി വീണ്ടും വിവാദം മുറുകുന്നു. രഞ്ജിത്തിൻ്റെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാംതമ്പുരാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആലപ്പി അഷ്റഫ് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അന്തരിച്ച ചലച്ചിത്ര നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ മദ്യലഹരിയിൽ രഞ്ജിത് തല്ലിയെന്ന ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
‘ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു. ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു’ – എന്നായിരുന്നു ആലപ്പി അഷ്റഫിൻ്റെ വെളിപ്പെടുത്തൽ.
ഇതിനിടയിൽ രഞ്ജിത്തിനെ വെളളപൂശി സംവിധായകനും നിരവധി സിനിമകളിൽ അദ്ദേഹത്തിൻ്റെ സംവിധാന സഹായിയുമായിരുന്ന എം പത്മകുമാർ ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. യൂട്യൂബിൻ്റെ റീച്ച് കൂട്ടാൻ കാണിച്ച തറ വേലയാണ് ആരോപണം എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിന് മറുപടിയുമായി ആലപ്പി അഷ്റഫ് എത്തിയതോടെ വിവാദം വീണ്ടും കൊഴുക്കുകയാണ്. തൻ്റെ വെളിപ്പെടുത്തൽ ഭാഗീകമായി രഞ്ജിത്തിൻ്റെ സ്വയം പ്രഖ്യാപിത ശിഷ്യൻ സമ്മതിക്കുന്നുവെന്നാണ് ആലപ്പി അഷ്റഫ് ഏറ്റവും പുതിയ ഫെയ്സ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്.
50 വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് താൻ. അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നത് തന്റെ ശീലമല്ലെന്നും ആലപ്പി അഷ്റഫ് കുറിച്ചു. ‘ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു. ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്നം സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം. സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു.’- ആലപ്പി അഷ്റഫ് പറഞ്ഞു. ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്ന് തനിക്കറിയാം. ആ കഥകളൊന്നും തന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ എന്ന് പറഞ്ഞു കൊണ്ടാണ് ആലപ്പി അഷ്റഫ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചെയ്യുന്ന തറ വേലകളിൽ ഒന്നിൻ്റെ ഭാഗമാണ് അഷ്റഫിൻ്റെ പരാമർശം എന്നായിരുന്നു ഫെയ്സ്ബുക്കിൽ പത്മകുമാർ പ്രതികരിച്ചത്. അന്ന് സംഭവിച്ച ചെറുകയ്യാങ്കളിയെ സ്വന്തം യൂ ട്യൂബ് ചാനലിൻ്റെ സബ്സ്ക്രിപ്ഷൻ വർധിപ്പിക്കാൻ ഉപയോഗിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമായിരുന്നു അത്. ഇതിനെയാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി 28 വർഷങ്ങൾക്ക് ശേഷം അഷറഫ് അവതരിപ്പിക്കുന്നത്. തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം, വിമർശിക്കാം പക്ഷെ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുതെന്നും എം പത്മകുമാർ പറഞ്ഞു.
നിരവധിപ്പേരാണ് പത്മകുമാറിനും അഷ്റഫിനും പിന്തുണയുമായി രംഗത്തെത്തിയത്. രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയ സോഷ്യൽ മീഡിയ അതേ ഭാഷയിൽ പത്മകുമാറിനെയും കുറ്റപ്പെടുത്തുന്നു. അങ്ങനൊരു സംഭവമുണ്ടായെന്ന് സമ്മതിച്ചല്ലോ എന്നാണ് കൂടുതൽ പേരും പ്രതികരിച്ചിരുന്നത്. രഞ്ജിത്തിന്‍റെ എക്കാലത്തെയും പ്രിയ ശിഷ്യനാണ് പത്മകുമാര്‍ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.
എം പത്മകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഞാൻ എം പത്മകുമാർ, ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരുപാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. ഡോ. ബാലകൃഷ്ണനും ഹരിഹരൻ സാറും ശശിയേട്ടനും (ഐ.വി. ശശി) ഷാജിയേട്ടനും (ഷാജി കൈലാസ്) രഞ്ജിയും ഉൾപ്പെടെ. രഞ്ജി എന്നു ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.
രഞ്ജിത്ത് എന്ന സംവിധായകനുമേൽ, എഴുത്തുകാരനു മേൽ ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകൾ കോടതിയും കാലവും തെളിയിക്കട്ടെ, നമുക്ക് കാത്തിരിക്കാം… പക്ഷേ ഇപ്പോൾ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷ്റഫിൽ നിന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. ‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം.
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു; രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂണിറ്റ് മൊത്തം അതു കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു, ഇദ്ദേഹം ഉൾപ്പെടെ… ഇതാണ് ആലപ്പി അഷ്റഫിന്റെ സാക്ഷിമൊഴി. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷ്റഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു.
അവസരങ്ങൾക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരൻമാരെ അഹങ്കാരികൾ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരിൽ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാൻ കണ്ടിട്ടുള്ളത്… തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷേ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്. ചാനലിന്റെ റേറ്റിങ് കൂട്ടാൻ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികൾ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here