കർണാടകയെ കുറ്റംപറയാൻ ചാനൽ ചർച്ചക്ക് യൂണിഫോമിലെത്തി പോലീസുകാർ; ഗുരുതര ചട്ടലംഘനമെന്ന് വിലയിരുത്തൽ

സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും എന്ത് ചെയ്യുമ്പോഴും സർവീസ് ചട്ടമെന്ന വാൾ തലയ്ക്കുമേലെ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ അതൊന്നും എടുത്ത് പ്രയോഗിക്കാൻ മേലുദ്യോഗസ്ഥരാരും ശ്രമിക്കാറില്ല. പ്രത്യേകിച്ച് കേരളത്തിൽ. മലയാളം വാർത്താ ചാനലുകളിലെ ചർച്ചകളിൽ പതിവായി പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ പലരുമുണ്ട്. അവരിൽ തന്നെ പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴും അതാത് വിഷയങ്ങളിലെ വിദഗ്ധരായാണ് പങ്കെടുക്കാറുള്ളത്. സർവീസ് ചട്ടം നിഷ്കർഷിക്കുന്ന വിധം ഔദ്യോഗിക അനുമതി വാങ്ങിയല്ല ആരും ഇതിലെല്ലാം പങ്കെടുക്കുന്നത്. സർക്കാർ പദ്ധതികളെയോ നയങ്ങളെയോ നേരിട്ട് വിമർശിക്കാത്തിടത്തോളം ഇതൊന്നും ആരും കാര്യമായി എടുക്കാറില്ല. അതുകൊണ്ട് ആർക്കും പരുക്കില്ലാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇതൊക്കെയാണെങ്കിലും ഒരു സാഹചര്യത്തിലും ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ ചർച്ചക്ക് എത്താറില്ല. ഇതിന് വിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിൽ വൈകിട്ടത്തെ ചർച്ചകളിൽ പങ്കെടുത്ത ഡിവൈഎസ്പി റാങ്കിലുള്ള രണ്ടുപേരുടെ സാന്നിധ്യമാണ് വകുപ്പുതലത്തിലും ചർച്ചയാകുന്നത്. കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിൻ്റെ ചുമതലയുള്ള കെ.പ്രേംസദൻ ആണ് യൂണിഫോമിൽ ചർച്ചയിൽ പങ്കെടുത്തത്. കെഎപി മൂന്നാം ബറ്റാലിയൻ അസിസ്റ്റൻ്റ് കമൻഡാൻ്റ് സ്റ്റാർമോൻ എസ്.പിള്ള യൂണിഫോമിലായിരുന്നില്ല. പക്ഷെ ഇരുവരും സംസാരിച്ചത് കർണാടകയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവർത്തനത്തിലെ അപാകതകളെക്കുറിച്ചാണ്. ഫലത്തിൽ മറ്റൊരു സംസ്ഥാനത്തെ സർക്കാരിൻ്റെ നടപടികളെ വിമർശിക്കുന്നതായി സർക്കാർ ഉദ്യോഗസ്ഥരായ ഇരുവരുടെയും പ്രവൃത്തി.

ആരുടെ അനുമതിയിലാണ് സര്‍വ്വീസിലുള്ള പോലീസുകാര്‍ ഇങ്ങനെ ചർച്ചയിൽ പങ്കെടുത്തതെന്ന കാര്യത്തിൽ അനൗദ്യോഗിക പരിശോധന നടന്നു. എന്നാല്‍ ആരുടേയും രേഖാമൂലമുള്ള അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് തിരിച്ചറിഞ്ഞു. അതിനിടെ കർണാടകയെ വിമര്‍ശിച്ച ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ചില പരാതികൾ അവിടെ നിന്ന് പോലീസ് സേനയ്ക്ക് കിട്ടുകയും ചെയ്തു. മേലധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. ഏതായാലും ഇരുവരും വിശദീകരണം നല്‍കേണ്ടി വരും. കർണാടക നിയമസഭാ സ്പീക്കര്‍ യു.ടി.ഖാദര്‍ ഫോൺ മുഖേന പങ്കെടുത്ത ചര്‍ച്ചയിലാണ് സ്റ്റാര്‍മോന്‍ എസ്.പിള്ള പങ്കെടുത്തതും കര്‍ണാടകയെ വിമര്‍ശന മുനയില്‍ നിര്‍ത്തിയതും.

ഐപിഎസുകാരടക്കം പോലീസ് ഉന്നതർക്കും മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങളുണ്ട്. പൊതുജനങ്ങളെ അറിയിക്കേണ്ട വിഷയങ്ങളിലാണ് ഇവരെല്ലാം ചാനലുകള്‍ക്ക് മുന്നിൽ എത്താറുള്ളത്. ഇത്തരം സാഹചര്യത്തിൽ പോലും ഡിജിപി അടക്കമുള്ളവരെ മുൻകൂർ അറിയിച്ച് അനുമതി വാങ്ങി മാത്രമേ വിശദീകരണം നടത്താറുള്ളൂ. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കർണാടകയെ കുറ്റപ്പെടുത്താന്‍ എത്തിയ പോലീസുകാര്‍ ഇതെല്ലാം ലംഘിച്ചു. ഇതെല്ലാം കേരളാ പോലീസിന്റെ ഔദ്യോഗിക നിലപാടുകളായി കർണാടക സർക്കാർ വിലയിരുത്തുന്നു എന്നതാണ് വസ്തുത. സാധാരണനിലയിൽ മറ്റൊരു സംസ്ഥാനത്തെ സേനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതൊന്നും കേരള പോലീസ് ചെയ്യാറില്ല. അതുകൊണ്ട് തന്നെ വലിയ വീഴ്ചയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിലയിരുത്തല്‍ കേരളത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top