സർക്കാർ പരിപാടികൾ തുടരെ അവഗണിച്ച് തിരുവനന്തപുരം കമ്മിഷണർ; ഐപിഎസ് ഉന്നതർക്ക് ഡിജിപിയുടെ മുന്നറിയിപ്പ്

സർക്കാർ പരിപാടികൾ തുടർച്ചയായി അവഗണിക്കുന്ന ഐപിഎസുകാർക്ക് മുന്നറിയിപ്പുമായി ഡിജിപി. ഔദ്യോഗിക ക്ഷണം ഉണ്ടായിട്ടും പങ്കെടുക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. സ്വന്തം അധികാര പരിധിയിൽ നടക്കുന്ന സുപ്രധാന സർക്കാർ പരിപാടികൾ പോലും ചിലർ അവഗണിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് ആവർത്തിക്കരുത് എന്നാണ് ഇക്കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് അയച്ച ‘അഡ്വൈസറി’ നോട്ടിൽ പറയുന്നത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു തുടർച്ചയായി സർക്കാർ പരിപാടികൾ അവഗണിക്കുന്നതാണ് ഡിജിപി ഇത്തരത്തിൽ ഇടപെടാൻ വഴിയൊരുക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ജൂൺ ഏഴിന് നടന്ന സർക്കാർ വകുപ്പുകളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് കമ്മിഷണർക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിൽ നാഗരാജു എത്താത്തത് ഔദ്യോഗിക കേന്ദ്രങ്ങൾ ശ്രദ്ധിക്കുകയും പോലീസ് ഉന്നതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ 23ന് പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നടന്നപ്പോഴും കമ്മിഷണർ എത്തിയില്ല. പകരം എസ്പി റാങ്കിലുള്ള ഡെപ്യൂട്ടി കമ്മിഷണർ നിതിൻ രാജ് ആണ് പങ്കെടുത്തത്.

ഇതേ ചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രിയെ പ്ലസ് ടു സീറ്റ് വിഷയത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ തടഞ്ഞത് കൂടിയായപ്പോൾ കമ്മിഷണറുടെ അഭാവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ഡിജിപി ഇടപെടേണ്ട സാഹചര്യം ഉണ്ടായത്. ഐജി റാങ്കിലുള്ള സിഎച്ച് നാഗരാജുവിനെ നേരിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തതിന് പുറമെയാണ് ഔദ്യോഗികമായി തന്നെ മുന്നറിയിപ്പ് എല്ലാവർക്കുമായി അയച്ചത്. കേരളാ പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാജ്ഭവനിലെ സത്യപ്രതിജ്ഞയ്ക്ക് കമ്മിഷണർക്ക് ഔപചാരിക ക്ഷണം ഉണ്ടായിരുന്നു. ക്ഷണം ഇല്ലെങ്കിലും സ്വന്തം അധികാര പരിധിയിൽ നടക്കുന്ന സർക്കാർ പരിപാടി എന്ന നിലയിൽ പങ്കെടുക്കാനും വേണ്ടിവന്നാൽ സുരക്ഷാകാര്യങ്ങൾ ഏകോപിപ്പിക്കാനും സിറ്റി പോലീസ് കമ്മിഷണർക്ക് ഉത്തരവാദിത്തമുണ്ട്. തുടർച്ചയായി അതിൽ വീഴ്ച വരുന്നതാണ് ഇപ്പോഴത്തെ ഇടപെടലിലേക്ക് നയിച്ചത്. സിറ്റി പോലീസുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളിൽ കമ്മിഷണർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന വിലയിരുത്തൽ പോലീസ് ഉന്നതതലത്തിൽ മുൻപ് തന്നെയുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിൻ്റെ അതൃപ്തി കൂടിയാകുമ്പോൾ കമ്മിഷണർക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here