പോസ്റ്ററിന് പിന്നാലെ ഗാനവും പണിയായി; “അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ”; സുരേന്ദ്രന്റെ പദയാത്ര ഗാനവും വിവാദത്തിൽ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വീണ്ടും വിവാദത്തിൽ. പോസ്റ്ററിൽ എസ്സി- എസ്ടി നേതാക്കൾ എന്ന് എടുത്തെഴുതിയതിന്റെ വിമർശനങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് പുതിയ പ്രശ്നം ഉയർന്നു. ഔദ്യോഗിക ഗാനത്തിലെ വരികളാണ് പുതിയ വിവാദം. ഗാനം പാർട്ടിയുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവന്നതിന് ശേഷമാണ് വരികളിലെ അബദ്ധം തിരിച്ചറിഞ്ഞത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ’ എന്ന വരികളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഗാനം സമ്മേളന വേദികളില്‍ കേള്‍പ്പിക്കരുതെന്ന് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദയാത്രയുടെ വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. പാർട്ടി പേജുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനോടകം ഗാനവും പോസ്റ്ററും വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസും പ്രതിപക്ഷത്തിന്റെ വിചാരണ സദസും കഴിഞ്ഞതിന് പിന്നാലെയാണ് കെ.സുരേന്ദ്രൻ പദയാത്ര ആരംഭിച്ചത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചും കേന്ദ്ര ഭരണത്തെ പ്രകീർത്തിച്ചുമുള്ള യാത്രയിൽ, സുരേന്ദ്രൻ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 27ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന യാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here