പെറോട്ട പൊള്ളുമോ? എണ്ണയ്ക്കും മൈദയ്ക്കും തീവില; തേങ്ങ 70ലേക്ക്; ഓണത്തിന് പിന്നാലെ വിപണിക്ക് തീപിടിക്കുന്നു; നെട്ടോട്ടമോടി പൊതുജനം

മലയാളിയുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ബീഫും സാധാരണക്കാരുടെ തീൻമേശയിൽ നിന്നും അപ്രത്യക്ഷമാകുമോ? വിപണി നൽകുന്ന സൂചന അതാണ്. 15 കിലോ പാം ഓയിലിൻ്റെ വില 10 ദിവസം മുമ്പ് 1620 ആയിരുന്നെങ്കിൽ ഇപ്പോഴത് 2150 ആയിരിക്കുന്നു. ചില്ലറ വിപണിയിൽ വില 2400 വരെയാണ്. 30 കിലോ മൈദയുടെ വില 1295 ആയിരുന്നത് ഒരാഴ്ചകൊണ്ട് 1370 ആയി.

തേങ്ങയുടെ വിലയാണ് ഞെട്ടിച്ചത്; 10 ദിവസം കൊണ്ട് 42ൽ നിന്നും ഒരു കിലോ തേങ്ങ വില 70 ആയി കുതിച്ചു കയറി – സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ നേരെ ഇരട്ടി. വെളിച്ചെണ്ണ വില വിവിധ ബ്രാൻ്റുകൾക്ക് 145 മുതൽ 170 വരെയായിരുന്നു ലിറ്ററിനെങ്കിൽ നിലവിൽ 185 മുതൽ 250 വരെയായി. വിളക്കെണ്ണയുടെ വിലയിൽ ലിറ്ററിന് 30 രൂപയാണ് ഞൊടിയിടയിൽ കൂടിയത്. പാം ഓയിൽ ലിറ്ററിന് വിവിധ ബ്രാൻഡുകൾക്ക് 90 മുതൽ 110 വരെയായിരുന്നു ഒരാഴ്ച മുമ്പെങ്കിൽ നിലവിൽ അത് 140 മുതൽ മുകളിലേയ്ക്കാണ്. സൺ ഫ്ലവർ ഓയിൽ വിലയും ലിറ്റിന് 35ൽ അധികം വർധിച്ചു.

ഇതെല്ലാം വിപണിയെയാകെ തീപിടിപ്പിച്ചിരിക്കുകയാണ്. ഇരുട്ടിവെളുത്തപ്പോഴുണ്ടായ ഈ ഇരുട്ടടിയിൽ വിറങ്ങലിച്ചിരിക്കുകയാണ് സാധാരണക്കാർ. സർക്കാരാകട്ടെ ഇത്തരമൊരസ്ഥ ഉണ്ടായതായി നടിക്കുക പോലും ചെയ്യാതെ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ പായുകയാണ്. ഇറക്കുമതിത്തീരുവ വർധിപ്പിച്ചതാണ് പൊടുന്നനെ എണ്ണ വില കുതിച്ചുയരാൻ കാരണമെന്ന് പറയപ്പെടുന്നു. വലിയ വിലക്കയറ്റമില്ലാതെ കടന്നുപോയ ഓണവിപണിക്ക് പിന്നാലെയാണ് സാധാരക്കാരൻ്റെ നടുവൊടിച്ച് സാധനവില കുതിച്ചു കയറിയത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണനക്കാർ വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top