ഓണ്‍ലൈന്‍ ടാക്സി യാത്ര ഇന്ന് തടസപ്പെടും; ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കും. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഊബര്‍, ഒല, യാത്രി, റാപ്പിഡോ കമ്പനികളുടെ ഭാഗമായ എല്ലാ ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഇന്ന് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് പണിമുടക്ക്. കമ്പനികള്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് ഡ്രൈവര്‍മാരുടെ പരാതി.
ഓൺലൈൻ ടാക്സി കമ്പനികൾ നടത്തുന്ന മനുഷ്യാവകാശ ലംഘനവും തൊഴിൽ ചൂഷണവും അവസാനിപ്പിക്കണമെന്ന് ഇവരുടെ സംഘടനയായ ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവേഴ്സിനെ ചൂഷണം ചെയ്യുന്നതയുള്ള പരാതി ഇവര്‍ മുന്‍പേ തന്നെ ഉന്നയിക്കുന്നതാണ്.
ടാക്സി വാഹനങ്ങളുടെ ഇന്റര്‍സിറ്റി ഓപ്ഷന് എടുത്തുകളഞ്ഞത് പിന്‍വലിക്കുക, ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുക, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ വര്‍ക്ക്മെന്‍ ഗണത്തില്‍പ്പെടുത്തുക, പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത് നിര്‍ത്തലാക്കുക, നോട്ടീസ് ഇല്ലാതെ ഡ്രൈവര്‍മാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here